ശ്രീനഗര്‍:  ജമ്മു കശ്മീര്‍ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് (എന്‍സി) പിന്തുണ പ്രഖ്യാപിച്ച് നാല് സ്വതന്ത്ര എംഎല്‍എമാര്‍. 
ഏഴ് സ്വതന്ത്ര എംഎല്‍എമാരില്‍ നാല് പേരും എന്‍സിയുമായി കൈകോര്‍ത്തതോടെ പാര്‍ട്ടിയുടെ അംഗബലം 46 ആയി ഉയര്‍ന്നതായി ഒമര്‍ അബ്ദുള്ള പറഞ്ഞു.
അടുത്തിടെ നടന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 42 സീറ്റുകള്‍ നേടി എന്‍സി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും യഥാക്രമം ആറും ഒരു സീറ്റും നേടിയതോടെ എന്‍സിക്ക് ഇപ്പോള്‍ നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ട്.
കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സര്‍ക്കാര്‍ രൂപീകരണത്തിനായി നാഷണല്‍ കോണ്‍ഫറന്‍സിനെ (എന്‍സി) പിന്തുണയ്ക്കുന്ന കാര്യം തീരുമാനിക്കാന്‍ അവര്‍ക്ക് ഒരു ദിവസം അനുവദിച്ചിട്ടുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഒമര്‍ അബ്ദുള്ളയെ നാഷണല്‍ കോണ്‍ഫറന്‍സ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായി ഐകകണ്ഠേന തിരഞ്ഞെടുത്തതായി എന്‍സി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള വ്യാഴാഴ്ച രാവിലെ പറഞ്ഞിരുന്നു. തന്നെ നേതാവായി തിരഞ്ഞെടുത്തതിന് നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാംഗങ്ങളോട് ഒമര്‍ അബ്ദുള്ള നന്ദി രേഖപ്പെടുത്തി.
കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രീനഗറില്‍ ജെകെപിസിസി തലവന്‍ താരിഖ് ഹമീദ് കാരയുടെ നേതൃത്വത്തില്‍ യോഗം ചേരും. തിരഞ്ഞെടുത്ത പേര് പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ അന്തിമ അംഗീകാരത്തിനായി അയക്കും.
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *