ഇടുക്കി: മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം. മണിയുടെ ഗണ്‍മാന്റെ വീടിനോട് ചേര്‍ന്ന സ്റ്റോര്‍റൂമില്‍ തീപിടിച്ചു. ഗണ്‍മാന്‍ അല്‍ഫോന്‍സിന്റെ ഇരട്ടയാര്‍ നാലുമുക്കില്‍ വീടിനോട് ചേര്‍ന്നുള്ള സ്റ്റോര്‍റൂമിലാണ് തീപിടിത്തമുണ്ടായത്.
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. വ്യാഴാഴ്ച രാത്രി 9.30നാണ് സംഭവം. റബര്‍ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയില്‍ നിന്നും തീ പടര്‍ന്ന് പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏലം, കാപ്പി, കുരുമുളക് ഉള്‍പ്പെടെയുള്ള മലഞ്ചരക്ക് ഉല്‍പ്പന്നങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീയണച്ചു.