ന്യൂയോര്‍ക്ക്: ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുഎസിലെ തിരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയ അഫ്ഗാന്‍ പൗരനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. ജനക്കൂട്ടത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു പദ്ധതി.
ഒക്ലഹോമ സിറ്റിയിലെ നസീര്‍ അഹമ്മദ് തൗഹെദി (27) ആണ് അറസ്റ്റിലായത്. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഐഎസ് മോഡല്‍ ആക്രമണം നടത്താന്‍ താന്‍ പദ്ധതിയിട്ടിരുന്നതായും താനും തന്റെ കൂട്ടുപ്രതിയും ചാവേറാകാനാണ് പദ്ധതിയിട്ടിരുന്നതെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
2021ല്‍ യുഎസില്‍ എത്തിയ തൗഹേദി ആക്രമണത്തിന് മുമ്പായി ഭാര്യയെയും കുട്ടിയെയും അഫ്ഗാനിസ്ഥാനിലേക്ക് തിരികെ അയച്ചിരുന്നു.
ആക്രമണത്തിനായി എകെ 47 തോക്കുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നും ഇതിനായി കുടുംബ സ്വത്തുക്കള്‍ വിറ്റതായും ഇയാള്‍ വെളിപ്പെടുത്തി.
അമേരിക്കന്‍ മണ്ണില്‍ തീവ്രവാദ അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് എഫ്ബിഐ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
തീവ്രവാദം എപ്പോഴും എഫ്ബിഐയുടെ പ്രഥമ പരിഗണനയാണ്, അമേരിക്കന്‍ ജനതയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന് ഉപയോഗിക്കുമെന്നും എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രെ പ്രസ്താവനയില്‍ പറഞ്ഞു.