‘ഇപ്പോൾ 22 പശുക്കളുണ്ട്, പഴയവയെ മറക്കാനൊന്നും പറ്റില്ല’: പുതിയ പശു ഫാമുമായി മാത്യു തളരാതെ മുന്നോട്ട്

ഇടുക്കി: നാടിന് മാതൃകയായ ഇടുക്കി വെളളിയാമറ്റത്തെ കുട്ടികർഷകൻ മാത്യു ബെന്നിയും സഹോദരനും കുടുംബാംഗങ്ങളും പുതിയ പശു ഫാം പച്ചപിടിക്കുന്നതിന്‍റെ സന്തോഷത്തിലാണ്. മാസങ്ങൾക്ക് മുമ്പാണ് മാത്യു ബെന്നിയുടെ 20 പശുക്കൾ കൂട്ടത്തോടെ ചത്തത്. മന്ത്രി ചിഞ്ചുറാണി ഉൾപ്പെടെ സമൂഹത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് മാത്യുവിന് പശുക്കളും സഹായവുമായെത്തിയിരുന്നു. കരുത്തോടെ, തിരിച്ചടിയിൽ തളരാതെ മാത്യു മുന്നോട്ടു പോവുകയാണ്. 

മാത്യുവിന് ഇന്ന് 22 പശുക്കളുണ്ട്. മന്ത്രി ചിഞ്ചുറാണിയും സിപിഎമ്മുകാരും തന്ന പശുക്കൾ പ്രസവിച്ചെന്ന് മാത്യു പറഞ്ഞു. ഇനി ജോസഫ് സാർ തന്ന പശുക്കൾ കൂടി പ്രസവിക്കാനുണ്ട്. 22 പശുക്കളിൽ ആറെണ്ണം കറവ പശുക്കളാണ്. താൻ സ്കൂളിൽ പോകുമ്പോൾ ചേട്ടനും അമ്മയുമാണ് പശുക്കളെ നോക്കുന്നതെന്ന് മാത്യു ബെന്നി പറഞ്ഞു. എന്നാലും പഴയ പശുക്കളെ മറക്കാൻ പറ്റില്ല. വെറ്ററിനറി ഡോക്ടറാവാനാണ് ആഗ്രഹമെന്നും മാത്യു പറഞ്ഞു. താങ്ങായി ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും കൂടെയുണ്ട്. 

ഭക്ഷ്യ വിഷബാധ മൂലമാണ് കുട്ടിക്കർഷകർക്ക് പശുക്കളെ കൂട്ടത്തോടെ നഷ്ടമായത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗവുമായിരുന്നു ഈ പശുക്കൾ. കെ എൽ ഡി ബി യുടെ മാട്ടുപ്പെട്ടി ഫാമിൽ നിന്നും എത്തിച്ച അത്യുൽപ്പാദനശേഷിയുള്ള എച്ച്എഫ് ഇനത്തിൽപ്പെട്ട  ഗർഭിണികളായ അഞ്ച് പശുക്കളെയാണ് ഇൻഷ്വറൻസ് പരിരക്ഷയോടു കൂടി  മന്ത്രി ജെ ചിഞ്ചുറാണി കുട്ടികൾക്ക് കൈമാറിയത്.  മമ്മൂട്ടിയും പൃഥ്വിരാജും ഉൾപ്പെടെയുള്ള നടന്മാരും വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം കുട്ടികൾക്ക് സഹായഹസ്തം നീട്ടി. 

2021ലെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് നേടിയ ആളാണ് മാത്യു.  മാത്യുവിന്റെ ഈ മേഖലയോടുള്ള താൽപ്പര്യം മനസ്സിലാക്കി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പശു വളർത്തലിന് ആവശ്യമായ സഹായങ്ങൾ മുൻകാലങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്.  റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, ഗോവര്‍ധിനി, ഗ്രാമപഞ്ചായത്ത് എസ് എല്‍ ബി പി, കറവപ്പശു വിതരണം, തീറ്റപ്പുല്‍ കൃഷി ധനസഹായം, കറവപ്പശുവിന് കാലിത്തീറ്റ വിതരണം, ധാതുലവണ വിതരണം മുതലായ നിരവധി പദ്ധതികളിലൂടെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നും സര്‍ക്കാരിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. 

‘ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കാൻ, പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാപ്പൂക്കൾ വേണം’: നൊമ്പര കുറിപ്പ്
 

By admin