മിന്നല്‍ മായങ്ക്, വന്നു കീഴടക്കി! ഇന്ത്യന്‍ പേസര്‍ മായങ്ക് യാദവിന് ടി20 അരങ്ങേറ്റത്തില്‍ റെക്കോര്‍ഡ്

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ തന്നെ ഇന്ത്യന്‍ യുവ പേസര്‍ മായങ്ക് യാദവ് അരങ്ങേറ്റം നടത്തിയിരുന്നു. എന്തായാലും താരം അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴിങ്ങി ഒരു വിക്കറ്റാണ് മായങ്ക് വീഴ്ത്തിയത്. ഒരു റണ്ണെടുത്ത ബംഗ്ലാ സീനിയര്‍ താരം മഹ്മുദുള്ളയാണ് മായങ്കിന്റെ പന്തില്‍ മടങ്ങുന്നത്. അരങ്ങേറ്റത്തോടെ ഒരു റെക്കോര്‍ഡും മായങ്ക് സ്വന്തമാക്കി. 

ആദ്യ ടി20 മത്സരത്തിലെ ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായിരിക്കുകയാണ് മായങ്ക്. മത്സരത്തിലെ ആറാം ഓവറാണ് മായങ്ക് എറിയാനെത്തിയത്. തന്റെ രണ്ടാം ഓവറില്‍ മായങ്ക് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. രണ്ട് ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് റണ്‍സ് മാത്രമാണ് മായങ്ക് വിട്ടുകൊടുത്തിരുന്നത്. എന്നാല്‍ തന്റെ മൂന്നാം ഓവറില്‍ മായങ്ക് 15 റണ്‍സ് വിട്ടുകൊടുത്തു. ആ ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറും ബാംഗ്ലാദേശ് താരങ്ങള്‍ നേടി. തന്റെ അവസാന ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് മായങ്ക് വിട്ടുകൊടുത്തത്. അരങ്ങേറ്റ മത്സരത്തില്‍ മായങ്കിന്റെ ഏറ്റവും വേഗമേറിയ ഡെലിവറി മണിക്കൂറില്‍ 149.9 കിലോമീറ്ററായിരുന്നു.

ആദ്യ മത്സരത്തിലെ ഒന്നാം ഓവര്‍ മെയ്ഡനാക്കിയ മറ്റ് രണ്ട് പേര്‍ അജിത് അഗാര്‍ക്കറും അര്‍ഷ്ദീപ് സിംഗുമാണ്. മുന്‍ താരം അഗാര്‍ക്കര്‍ നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണ്. 2006ല്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഗാര്‍ക്കര്‍ ഈ നേട്ടം കൈവരിച്ചത്. 2022ല്‍ സതാംപ്ടണില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അര്‍ഷ്ദീപിന്റെ നേട്ടം.

സൂര്യകുമാര്‍ പൂര്‍ണതൃപ്തനല്ല! ബംഗ്ലാദേശിനെതിരെ വിജയത്തിന് ശേഷം അതൃപ്തി പ്രകടമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍

മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 29 റണ്‍സ് വീതം നേടിയ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും നിര്‍ണായക പ്രകടനം പുറത്തെടുത്തു. നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

By admin