ചെന്നൈ: ചെന്നൈയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ ഷോ കാണാനെത്തിയ മൂന്ന് കാണികള്‍ക്ക് ദാരുണാന്ത്യം.
നിര്‍ജലീകരണവും മറ്റ് പ്രശ്നങ്ങളും കാരണം ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.
മറീന ബീച്ചിലാണ് എയര്‍ ഷോ നടന്നത്. ആയിരക്കണക്കിന് ആളുകള്‍ റോഡുകളിലും മെട്രോ സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഒത്തുകൂടിയിരുന്നു.
മരണങ്ങളില്‍ ചൂട് ഒരു പരധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ അന്വേഷണത്തിന് ശേഷം ഔദ്യോഗിക കാരണം നിര്‍ണ്ണയിക്കുമെന്ന് ഓമന്ദൂരാര്‍ ഹോസ്പിറ്റല്‍ ഡീന്‍ ഡോ. അരവിന്ദ് പറഞ്ഞു.
ചൂടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം 30 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മിക്കവരെയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഉച്ചയ്ക്ക് ഒരു മണിക്ക് പരിപാടി അവസാനിച്ചതോടെ എയര്‍ ഷോ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഒരേ സമയം തിരികെ പോകാന്‍ ശ്രമിച്ചത് റോഡുകളിലെ തിരക്കിനും മെട്രോ, സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളിലും തിരക്കിനും കാരണമായി.