കൽപറ്റ ∙ റേറ്റിങ് റിവ്യൂ നൽകുന്ന ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ വാക്കാട് കുട്ടിയായിന്റെപുരക്കൽ കെ.പി. ഫഹദ്(28)നെയാണ് വയനാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ടെലിഗ്രാമിലെ പാർട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിലകപ്പെടുന്നത്. ഫഹദ് പരാതിക്കാരനെ കൊണ്ട് ഒരു വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യിപ്പിച്ചു.
തുടർന്ന്, വിവിധ ഭക്ഷണ സാധനങ്ങൾക്ക് റേറ്റിങ് റിവ്യൂ നൽകുന്നതിനു വലിയ തുകകൾ വാഗ്ദാനം ചെയ്ത് 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പല തവണകളിലായി 33 ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതി.