വളർത്തുപക്ഷികളെ ആക്രമിച്ച് തെരുവുനായകൾ, 10 ദിവസംകൊണ്ട് കൊന്നത് 16 തെരുവുനായകളെ, യുവനേതാവ് അറസ്റ്റിൽ

ചെന്നൈ: ഭക്ഷണത്തിൽ വിഷം വച്ച് കൊന്നത് 16 തെരുവുനായകളെ. തമിഴ്നാട്ടിൽ ബിഎസ്പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വളർത്തിയിരുന്ന കോഴികളേയും പ്രാവുകളേയും തെരുവുനായകൾ പതിവായി ആക്രമിക്കാൻ ആരംഭിച്ചതാണ് 43കാനായ ബിസ്പി നേതാവിനെ പ്രകോപിപ്പിച്ചത്. 

തിരുവള്ളൂർ പൊലീസാണ് 43കാരനായ വെട്രി വേൻധനെ അറസ്റ്റ് ചെയ്തത്. ഇയാൾ ബിഎസ്പിയുടെ ജില്ലാ നേതാവാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. തിരുവള്ളൂരിലെ ഇയാളുടെ വീട്ടിലെ കോഴികളേയും പ്രാവുകളേയും അടുത്തിടെയാണ് തെരുവുനായകൾ കൂട്ടംകൂടി ആക്രമിച്ചത്. നിരവധി കോഴികളും പ്രാവുകളും തെരുവുനായ ആക്രമണത്തിൽ ചത്തിരുന്നു. 

രാഷ്ട്രീയത്തിന് പുറമേ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന വെട്രി വേൻധൻ തെരുവുനായകൾക്ക് വിഷം കലർത്തി ഭക്ഷണം നൽകിയതായി അയൽവാസിയായ കാർത്തികേയനാണ് പരാതി നൽകിയത്. ഇയാൾ വളർത്തിയിരുന്ന തെരുവുനായ സംശയകരമായ സാഹചര്യത്തിൽ ചത്തതിന് പിന്നാലെയാണ് ഇയാൾ അയൽവാസിക്കെതിരെ പരാതിയുമായി എത്തിയത്.  പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് മേഖലയിലെ സിസിടിവികൾ പരിശോധിച്ചിരുന്നു.

ഇതിൽ ബക്കറ്റിൽ ഭക്ഷണവുമായി എത്തിയ ഒരാൾ വയലിൽ ഭക്ഷണം വച്ചിട്ട് പോവുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സെപ്തംബർ 22ന് സമീപ പ്രദേശത്ത് സമാനരീതിയിലുള്ള സംഭവം നടന്നതായി അന്വേഷണത്തിനിടെ വ്യക്തമായ പൊലീസ്  ഈ മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.  ഈ ദൃശ്യങ്ങളിൽ ഭക്ഷണവുമായി എത്തുന്ന വെട്രിയുടെ ദൃശ്യം വ്യക്തമായിരുന്നു. 21 ഒക്ടോബർ മുതൽ ഒക്ടോബർ 1 വരെ വീടിന് പരിസര പ്രദേശങ്ങളിൽ വിവിധ ഇടങ്ങളിൽ ഭക്ഷണത്തിൽ വിഷം കലർത്തി തെരുവ് നായയ്ക്ക് നൽകിയതായി ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

മൃഗങ്ങൾക്കെതിരായ അതിക്രമം നടത്തിയെന്ന വകുപ്പിലാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin