കടുത്തുരുത്തി: കള്ളനു താല്‍പര്യം തേങ്ങയും കപ്പയും കുരുമുളകും വാഴക്കുലയുമെല്ലാം.. ഉപജീവനം നഷ്ടപെട്ട് ഒരുകൂട്ടം കര്‍ഷകര്‍. കാര്‍ഷിക വിളകള്‍ മോഷ്ടിക്കുന്ന മോഷ്ടാക്കളെ കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
കാര്‍ഷിക വിളകള്‍ രാത്രിയിലാണ് വീടുകളിലും പറമ്പുകളിലും പാടത്തുമെത്തി മോഷ്ടിച്ചു കടത്തുന്നത്. തുരുത്തിപ്പള്ളി, തിരുവമ്പാടി, കൂവേലി, കാട്ടാമ്പാക്ക് മേഖലകളിലാണു മോഷ്ടാക്കളുടെ ശല്യമേറിയിരിക്കുന്നത്. ഒരുദിവസം തന്നെ പല ഭാഗങ്ങളില്‍ നിന്നും വിവിധ കര്‍ഷകരുടെ മൂന്നും നാലും ഏത്ത വാഴകുലകളാണു വെട്ടി കടത്തുന്നത്.
കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശവാസിയായ ജോണിച്ചന്‍ പൂമരം വീട്ടിലേക്കു വരുമ്പോള്‍ രാത്രി 12.30 ഓടെ തുരുത്തിപ്പള്ളി പാടത്ത് ഒരാള്‍ നില്‍ക്കുന്നതു കണ്ടിരുന്നു. തുടര്‍ന്നു ജോണിച്ചന്‍ പാടം കൃഷി ചെയ്യുന്നയാളെ വിളിച്ചു വിവരമറിയിച്ചു. പിറ്റേന്ന് ഈ പാടത്ത് ഉടമയെത്തിയപ്പോള്‍ ഇദേഹത്തിന്റെയും സമീപത്തെ മറ്റു കൃഷിയിടങ്ങളിലെയും നിരവധി വാഴക്കുലകള്‍ വെട്ടിയെടുത്തതായി കണ്ടെത്തി.
മോഷ്ടിച്ച കടത്തിയ കുലകള്‍ ഇന്നലെ കാട്ടാമ്പാക്ക് പി.എച്ച്.സി.യുടെ സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്ത് ഒളിപ്പിച്ചു വച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം