ഓട്ടോയിട്ടത് നോ പാർക്കിംഗ് മേഖലയിൽ, കണ്ടുകെട്ടി ആർപിഎഫ്, ഭീഷണിയുമായി 40കാരനായ ഓട്ടോ ഡ്രൈവർ
ചെന്നൈ: നോ പാർക്കിംഗ് മേഖലയിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ ആർപിഎഫ് കണ്ടുകെട്ടി. പിന്നാലെ മൊബൈൽ ടവറിന് മുകളിൽ കയറി ഭീഷണിയുമായി 40കാരനായ ഓട്ടോ ഡ്രൈവർ. ചെന്നൈയിലാണ് സംഭവം. സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ നോ പാർക്കിംഗ് മേഖലയിൽ പാർക്ക് ചെയ്ത ഓട്ടോ ആർപിഎഫ് ഉദ്യോഗസ്ഥരാണ് പിടിച്ചെടുത്തത്. വാഹനം വിട്ടുതരണമെന്ന് പല്ലവൻ ശാലൈ സ്വദേശിയായ കെ പ്രകാശ് റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിയത്.
എന്നാൽ 5000 രൂപ പിഴയടക്കണം എന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പിഴ ഇളവ് ചെയ്യണമെന്ന് 40 കാരൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ വഴങ്ങാതെ വന്നതിന് പിന്നാലെയാണ് 40കാരൻ മൊബൈൽ ടവറിൽ കയറി ഭീഷണിപ്പെടുത്തിയത്. പൊലീസിന്റേയും സിആർപിഎഫിന്റേയും ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇയാൾ താഴെയിറങ്ങാൻ സമ്മതിക്കുന്നത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.