കണ്ണൂര്‍: സ്വര്‍ണക്കടത്തിനെക്കുറിച്ച് മുഖ്യമന്തി നടത്തുന്ന പ്രചരണങ്ങൾക്കു പിന്നിൽ സംഘ് പരിവാർ അജൻഡയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 21ന് നടത്തിയ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലും അതിനു ശേഷം നാഥനില്ലാത്ത രീതിയിൽ വന്ന അഭിമുഖവും പിന്നീട് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനവും ഒരേ കാര്യങ്ങൾ തന്നെയാണ് പറയുന്നതെന്ന് സതീശന്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതി തയ്യാറാക്കിയതാണിത്. തങ്ങള്‍ പറഞ്ഞ കാര്യം തന്നെയാണ് ഇടതു സ്വതന്ത്ര എം.എൽ.എയായ പി. വി അൻവറും പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് തങ്ങള്‍ വർഷങ്ങൾക്ക് മുൻപെ പറഞ്ഞിരുന്നുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
അതു തന്നെയാണ് അൻവർ ഇപ്പോൾ പറയുന്നത്. അൻവറിനെ പിൻതുണയ്ക്കുന്നത് തങ്ങൾക്കെതിരെ നേരത്തെ അക്രമം നടത്തിയ സി.പി.എം സൈബർ ഹാൻഡിലുകളാണ്. അവരുടെയും പാർട്ടി പ്രവർത്തകരുടെയും പിൻതുണ അൻവറിനുണ്ട്.
നിയമസഭയിൽ അൻവർ എവിടെ ഇരിക്കുമെന്ന ചോദ്യത്തിൽ പ്രസക്തിയില്ല സ്വതന്ത്ര എം.എൽ എ മാർ ഇരിക്കേണ്ടിടത്ത് അൻവർ ഇരിക്കും. പ്രതിപക്ഷ നിരയിൽ അദ്ദേഹം ഇരിക്കുമോയെന്ന ചോദ്യം അപ്രസക്തമാണന്നും വിഡി സതീശൻ പറഞ്ഞു