ഇന്ത്യ x ബംഗ്ലാദേശ്
പൂനെ, വ്യാഴം രാവിലെ 11.30
പൂനെ – ലോകകപ്പ് ക്രിക്കറ്റില്‍ പ്രയാസകരമായ ആദ്യ മൂന്നു കളികളും ജയിച്ചെങ്കിലും ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇന്ത്യ പരീക്ഷണത്തിനില്ല. ആര്‍. അശ്വിനും മുഹമ്മദ് ഷമിക്കും പുറത്തു തന്നെ ഇരിക്കേണ്ടി വരുമെന്നാണ് സൂചന. മൂന്നു കളികളില്‍ രണ്ടും തോറ്റ് ബംഗ്ലാദേശ് പരുങ്ങുകയാണ്. ഇന്ത്യയില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ഏകദിനം കളിക്കുന്നത് 25 വര്‍ഷത്തിനു ശേഷമാണ്. 25 വര്‍ഷം മുമ്പ് അവസാനം ഇന്ത്യയില്‍ ഏകദിനം കളിച്ച ബംഗ്ലാദേശ് ടീമിലെ മൂന്നു പേര്‍ ഈ ലോകകപ്പിനുണ്ട്. കളിക്കാരായല്ല. മിന്‍ഹാജുല്‍ ആബിദീന്‍ ചീഫ് സെലക്ടറാണ്, ഖാലിദ് മഹ്മൂദ് ടീം ഡയരക്ടറും. അഥര്‍ അലി ഖാന്‍ കമന്റേറ്ററാണ്.
കിരീടപ്രതീക്ഷ പുലര്‍ത്തിയ ടീമുകളില്‍ ഇന്ത്യ മാത്രമേ പ്രതീക്ഷക്കൊത്തുയര്‍ന്നുള്ളൂ. ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചു, ന്യൂസിലാന്റിനോടും നിലവിലെ ചാമ്പ്യന്മാര്‍ തോറ്റു. ഓസ്‌ട്രേലിയ മൂന്നാമത്തെ കളിയിലാണ് ആദ്യ വിജയം നേടിയത്. പാക്കിസ്ഥാന്‍ നിറം മങ്ങി. നന്നായി തുടങ്ങിയ ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്റ്‌സ് ഞെട്ടിച്ചു.
ഈ ടീമുകള്‍ തമ്മിലുള്ള അവസാന മത്സരം ബംഗ്ലാദേശാണ് ജയിച്ചത്, ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍. എന്നാല്‍ ആ കളിക്കു മുമ്പെ ഇന്ത്യ ഫൈനലുറപ്പാക്കിയിരുന്നു. ഇന്ത്യന്‍ ടീമിനെ പ്ലേയിംഗ് ഇലവനിലെ ഏതു കളിക്കാനും ജയിപ്പിക്കാനാവുമെന്ന അവസ്ഥയാണ്. മൂന്നു കളിയിലും കനത്ത പരീക്ഷണം ടീം അതിജീവിച്ചു. ഓസ്‌ട്രേലിയക്കെതിരെ രണ്ട് റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാന്‍ ഭേദപ്പെട്ട ലക്ഷ്യം മുന്നോട്ടുവെച്ചു. പാക്കിസ്ഥാന്റെ ബാബര്‍ അസമും മുഹമ്മദ് രിസ്‌വാനും മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഭയപ്പെടുത്തി. ഒടുവില്‍ മൂന്നും ഇന്ത്യ ജയിച്ചു.
സാധ്യമായ 30 വിക്കറ്റില്‍ ഇരുപത്തെട്ടും നേടാനായി എന്നത് ഇന്ത്യയുടെ ബൗളിംഗ് ശക്തി വിളിച്ചോതുന്നു. ഇന്ത്യക്ക് നഷ്ടപ്പെട്ടത് ഒമ്പത് വിക്കറ്റ് മാത്രം. ഓപണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ ആക്രമണോത്സുകതയില്‍ എതിര്‍ കളിക്കാര്‍ക്ക് കാലിടറുകയാണ്. പൂനെയില്‍ ബാറ്റിംഗ് പിച്ചാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
2007 ലെ ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ തോല്‍പിച്ച ചരിത്രമുണ്ട് ബംഗ്ലാദേശിന്. അന്ന് ശാഖിബുല്‍ ഹസനും മുശ്ഫിഖുറഹീമും കരിയര്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഇരുവരും മൂന്നു തവണ ലോകകപ്പില്‍ ഇന്ത്യയെ നേരിട്ടു. മൂന്നു തവണയും ഇന്ത്യക്കായിരുന്നു അനായാസ വിജയങ്ങള്‍. ഇത്തവണ പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയ ടീമാണ് അവരുടേത്. എന്നാല്‍ സ്ഥിരത പുലര്‍ത്തുന്നില്ല. മുശ്ഫിഖ് രണ്ട് അര്‍ധ ശതകം നേടി. നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡോയും ലിറ്റന്‍ ദാസും ഓരോ മത്സരങ്ങളില്‍ മാത്രമാണ് കരുത്തുകാട്ടിയത്. തൗഹീദ് ഹൃദയ്, പുതുമുഖം തന്‍സീദ് ഹസന്‍, മെഹദി ഹസന്‍ മിറാസ് എന്നിവരുടെയൊന്നും കഥ പറയാനില്ല. എട്ടാം നമ്പറായി മഹ്മൂദുല്ല വരുന്നതിനാല്‍ അവരുടെ ബാറ്റിംഗിന് നല്ല നീളമുണ്ട്. ബൗളിംഗില്‍ മുസ്തഫിസുറഹ്മാനൊഴികെ ആരും പ്രതീക്ഷ നല്‍കുന്നില്ല.
പൂനെയിലെ ഗ്രൗണ്ട് ചെറുതാണ്. വലിയ സ്‌കോര്‍ പിറക്കാനാണ് സാധ്യത.
2023 October 18Kalikkalamtitle_en: world cup match against Bangladesh in Pune, India