ഇറ്റലി: ഇറ്റലിയിലെ ബ്രിന്‍ഡിസി എയര്‍പോര്‍ട്ടില്‍ നിന്നും 200 യാത്രക്കാരുമായി പറന്നുയരാന്‍ തുടങ്ങവെ വിമാനത്തിന് തീപിടിച്ചു.വ്യാഴാഴ്ചയാണ് സംഭവം. റയാന്‍എയര്‍ ബോയിംഗ് 737-8എഎസ് വിമാനത്തിന്റെ ഒരു ചിറകിനാണ് തീപിടിച്ചത്.
തീ പടരുന്നത് കണ്ട പൈലറ്റ് ഉടന്‍ തന്നെ വിമാനം നിര്‍ത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ എമര്‍ജന്‍സി ഇവാക്വേഷന്‍ സ്ലൈഡുകളിലൂടെ ഉടന്‍ പുറത്തെത്തിച്ചു.
ഈ സംഭവത്തെത്തുടര്‍ന്ന് ബ്രിന്‍ഡിസി പോള കാസലെ വിമാനത്താവളം (ബിഡിഎസ്) താല്‍ക്കാലികമായി അടച്ചു.
ബ്രിന്‍ഡിസി വിമാനത്താവളത്തില്‍ നിന്ന് ടുരിനിലേക്ക് പുറപ്പെടേണ്ട FR8826 വിമാനത്തിന്‍റെ പുറംഭാഗത്ത് ക്യാബിന്‍ ക്രൂ തീജ്വാലകള്‍ കണ്ടെന്നും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതായും റയാന്‍എയര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ശേഷം പിന്നീട് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ സുരക്ഷിതമായി ടുരിനില്‍ എത്തിച്ചു.