അങ്കമാലി: റോബോട്ടിക് സര്‍ജറിയിലൂടെ 54 കാരിയുടെ വയറ്റിലുണ്ടായ വലിപ്പമേറിയ ഫൈബ്രോയ്ഡ് നീക്കം ചെയ്ത് അങ്കമാലി അപ്പോളോ അഡ്‌ലക്‌സിലെ മെഡിക്കല്‍ സംഘം. കാലിലുണ്ടായ വീനസ് അള്‍സര്‍ ഭേദമാകാത്തതിനെത്തുടര്‍ന്നാണ് ഇടുക്കി സ്വദേശിനിയായ 54 കാരി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ്  ആശുപത്രിയിൽ  ചികിത്സയ്‌ക്കെത്തുന്നത്. കാലിലേക്കുള്ള രക്തയോട്ടം ദുര്‍ബലമാകുന്നതിനെത്തുടര്‍ന്ന് രക്തം കെട്ടിക്കിടന്ന്  വിട്ടുമാറാത്ത മുറിവായി തുടരുന്ന  അവസ്ഥയാണ് വീനസ് അള്‍സര്‍. കൂടാതെ  പൂർണ ഗര്ഭാവസ്ഥയിലുള്ള  ഒരു സ്ത്രീയുടെ അതേ വലിപ്പമുള്ള വയറുമായി ആശുപത്രിയിൽ എത്തിയ രോഗിയിൽ,  തുടർന്നു  നടത്തിയ വിദഗ്ധ പരിശോധനയിലാണ്  വയറ്റിലെ ഫൈബ്രോയ്ഡ് കണ്ടെത്തിയത്. 
 
വലിപ്പമേറിയ ഫൈബ്രോയ്ഡിന്റെ സമ്മര്‍ദം കാരണം രക്തയോട്ടം സുഗമമായി നടക്കാത്തതിനാല്‍ അമിത രക്തസമ്മര്‍ദത്തിന്റെ ബുദ്ധിമുട്ടുകളും രോഗിയ്ക്കുണ്ടായിരുന്നു. രോഗിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് വാരിയെല്ലിന് സമീപം വരെ വളര്‍ന്നിരിക്കുന്ന ഫൈബ്രോയ്ഡ് റോബോട്ടിക് സര്‍ജറിയിലൂടെ നീക്കം ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. മിനിമലി ഇന്‍വേസീവ് ഗൈനക്കോളജി റോബോട്ടിക് ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍, ലീഡ് കണ്‍സള്‍ട്ടന്റായ ഡോ. ഊര്‍മിള സോമൻറെ  നേതൃത്വത്തിൽ നടന്ന സർജറിയിൽ ഗൈനക്കോളജി വിഭാഗത്തിലെ  ഡോ. അമ്പിളി ജോസ്,  ഡോ. മുഗ്ത   റസ്തഗി, അനസ്തേഷ്യ  വിഭാഗത്തിലെ  ഡോ. ഹോർമീസ്  സ്റ്റീഫൻ  എന്നിവരും പങ്കെടുത്തു. “ഫൈബ്രോയിഡ് വളരെ വലുതായതിനാൽ  സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയയായിരുന്നതിനാലാണ് റോബോട്ടിക് സർജറി തിരഞ്ഞെടുത്തതെന്നും, മിനിമലി ഇൻവേസിവ് എന്നതിലുപരി  കൃത്യത, രക്തനഷ്ടത്തിനുള്ള സാധ്യതക്കുറവ്, കുറഞ്ഞ ആശുപത്രിവാസം എന്നിവയാണ് റോബോട്ടിക് സർജറിയുടെ നേട്ടങ്ങളെന്നും “, ഡോ. ഊർമിള സോമൻ  പറഞ്ഞു. 
 
4.823 കിലോ ഗ്രാം ഭാരമാണ് ഫൈബ്രോയ്ഡിന് ഉണ്ടായിരുന്നത്. വെറും 40 മില്ലീ ലിറ്റര്‍ മാത്രമായിരുന്നു സര്‍ജറിയില്‍ രക്തനഷ്ടം. സര്‍ജറിക്ക് ശേഷം രണ്ടാം ദിവസം തന്നെ രോഗിക്ക് ആശുപത്രി വിടാൻ സാധിച്ചു. “റോബോട്ടിക് ഗൈനക്കോളജി രംഗത്തെ ഒരു നാഴികക്കല്ലാണ് ഈ ശസ്ത്രക്രിയ. ഇത്തരം സങ്കീർണമായ സന്ദർഭങ്ങളിൽ റോബോട്ടിക് സർജറിയും അതിൻ്റെ നേട്ടങ്ങളും പ്രയോജനപ്പെടുത്താൻ ഇത് ആരോഗ്യസംരക്ഷണ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു”, എന്ന് അപ്പോളോ അഡ്‌ലക്സ് സിഇഒ ബി സുദർശൻ അഭിപ്രായപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *