കോഴിക്കോട്: ഫലസ്തീൻ അംബാസിഡറുടെ പ്രതിനിധിയും എംബസിയിലെ പൊളിറ്റിക്കൽ, മീഡിയ കൗൺസിലറുമായ ഡോ. അബ്ദു റസാഖ് അബു ജാസിർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ മർകസിൽ സന്ദർശിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ വ്യാപന സാഹചര്യവും ഫലസ്തീനിലെ ദുരിതാന്തരീക്ഷവും ഗ്രാൻഡ് മുഫ്‌തിയുടെ ശ്രദ്ധയിൽ പെടുത്തിയ അദ്ദേഹം കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള സാധാരണക്കാർക്കുനേരെ അക്രമം അഴിച്ചുവിടുന്നതിലും ആശുപത്രി, വിദ്യാലയങ്ങൾ എന്നിവ നശിപ്പിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചു.
 
ഫലസ്തീനിൽ സമാധാനം പുലരുന്നതിനും സ്വതന്ത്ര രാഷ്ട്രമായി മാറുന്നതിനും ഇടപെടൽ വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു.  ഫലസ്തീൻ ജനതയുടെ കൂടെ ഇന്ത്യൻ സമൂഹം എന്നും ഉണ്ടെന്നും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുന്നതിനായി പ്രധാനമന്ത്രിയുമായി ഒന്നിലധികം തവണ ആശയവിനിമയം നടത്തിയെന്നും ഗ്രാൻഡ് മുഫ്തി അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ 25 ന് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ ഫലസ്തീനിലെ സിവിലിയന്മാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രമേയം അവതരിപ്പിച്ചതും അദ്ദേഹത്തിൻറെ ശ്രദ്ധയിൽ പെടുത്തി. ഇടപെടലുകളിലും പൊതു വേദികളിലടക്കം നിരന്തരം ഫലസ്തീൻ വിഷയം ഉന്നയിക്കുന്നതിലും ദുരിതമനുഭവിക്കുന്ന ജനതക്കായി പ്രാർഥിക്കുന്നതിലും കൗൺസിലർ പ്രത്യേകം കൃതജ്ഞതയറിയിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *