പ്രേമലു എന്ന ചിത്രം മമിത ബൈജുവിന് സൃഷ്ടിച്ച കരിയര്‍ ബ്രേക്ക് വലുതാണ്. കേരളത്തിന് പുറത്ത് മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചിത്രം സംസാരവിഷയം ആയിരുന്നു. പ്രത്യേകിച്ച് തെന്നിന്ത്യയില്‍. ഏത് യുവതാരവും കൊതിക്കുന്ന ഒരു അവസരമാണ് മമിതയെ തേടി ഏറ്റവുമൊടുവില്‍ പുറത്തെത്തിയിരിക്കുന്നത്. വിജയ്‍യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ദളപതി 69 ലാണ് മമിത അടുത്തതായി അഭിനയിക്കുന്നത്. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ എത്തിയിരുന്നു. ഇപ്പോഴിതാ മമിതയുടെ മാസങ്ങള്‍ക്ക് മുന്‍പുള്ള ഒരു അഭിമുഖഭാഗം വീണ്ടും വൈറല്‍ ആവുകയാണ്. വിജയ് എന്ന താരത്തിനൊപ്പം ഇനി അഭിനയിക്കാന്‍ സാധിക്കില്ലല്ലോ എന്നാണ് അദ്ദേഹത്തിന്‍രെ രാഷ്ട്രീയ പ്രവേശന സമയത്ത് ആലോചിച്ചതെന്നാണ് മമിത ഇതില്‍ പറയുന്നത്.
“വിജയ് സാറിന്‍റെ കൂടെ ഒരു പടമൊക്കെ ചെയ്യാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് ഇനിയിപ്പോള്‍ (രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തില്‍) നടക്കില്ലല്ലോ. ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്താണ് മറ്റൊരു സൂപ്പര്‍ ആക്റ്ററിനൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരം വരുന്നത്. അപ്പോള്‍ വിജയ് സാറിന്‍റെ കൂടെയും അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇവരൊക്കെ തിയറ്ററില്‍ ഉണ്ടാക്കുന്ന ഒരു ഓളം ഉണ്ടല്ലോ. വിജയ് സാറിന്‍റെ പടങ്ങളൊക്കെ തിയറ്ററുകളില്‍ ആഘോഷിക്കപ്പെടുകയാണ്. അതൊക്കെ ഭയങ്കരമായിട്ട് മിസ് ചെയ്യും. ഞാനൊക്കെ കണ്ട് വളര്‍ന്നത് ഇവരുടെയൊക്കെ പടങ്ങള്‍ ആണല്ലോ. ഗില്ലി തൊട്ട് ഞാന്‍ കട്ട ഫാന്‍ ആണ്. അതൊക്കെ ഇനി ഉണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം. അത് മിസ് ചെയ്യും”, പ്രേമലുവിന്‍റെ പ്രീ റിലീസ് പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് മമിത ഇപ്രകാരം പറയുന്നത്.
അതേസമയം എച്ച് വിനോദ് ആണ് ദളപതി 69 ന്‍റെ സംവിധാനം. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.