തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കൂട്ടില്‍ നിന്നും ചാടിപ്പോയ മൂന്ന് ഹനുമാന് കുരങ്ങുകളില്‍ രണ്ടെണ്ണം തിരികെ കൂട്ടില്‍ കയറി.
ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് രണ്ടുപേരെ കൂട്ടില്‍ കയറ്റിയതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
മാസങ്ങള്‍ക്കു മുന്‍പ് മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാന് കുരങ്ങും ഇത്തവണ ചാടിപ്പോയ മൂന്ന് ഹനുമാന്‍കുരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ ഹനുമാന് കുരങ്ങും മറ്റൊരു കുരങ്ങുമാണ് തിരികെ കൂട്ടില്‍ കയറിയത്.
മൂന്നാമത്തെ ഹനുമാന് കുരങ്ങ് മരത്തിന്റെ മുകളില്‍ തന്നെയാണ്. ഇതിനെ നിരീക്ഷിക്കാന്‍ നാല് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ചത്തെ അവധിക്ക് ശേഷം ഇന്ന് മൃഗശാല വീണ്ടും പൊതുജനങ്ങള്‍ക്കായി തുറക്കും. മൃഗശാലയിലെ മരത്തിന്റെ മുകളിലാണ് ശേഷിക്കുന്ന ഹനുമാന് കുരങ്ങുള്ളതെന്നും, ഇതിനെയും ഭക്ഷണം കാട്ടി പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
മരത്തില്‍ കയറി കുരങ്ങനെ പിടിക്കാനുള്ള സാധ്യതകളും പരിശോധിച്ചു വരികയാണ്.