2 ഹനുമാൻ കുരങ്ങുകൾ കൂട്ടിലാക്കി; പിടികൂടിയത് ഭക്ഷണം എടുക്കാൻ എത്തിയപ്പോള്‍, ഒന്ന് മരത്തിന് മുകളിൽ തന്നെ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി. ഭക്ഷണം എടുക്കാൻ വന്നപ്പോഴാണ് കുരങ്ങുകളെ കൂട്ടിലാക്കിയത്. ഒരണ്ണം മരത്തിന് മുകളിൽ തന്നെയാണ്. ഇതിനെ നാളെ മരത്തിൽ കയറി പിടികൂടാനാണ് മൃഗശാല അധികൃതരുടെ തീരുമാനം.

ഇന്നലെ രാവിലെ 8.45 ഓടെയാണ് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയത്. മൃഗശാലയിൽ തന്നെയുള്ള മരത്തിന് മുകളിലായി നിലയുറപ്പിച്ചിരിക്കുകയാണ് മൂന്ന് കുരങ്ങുകളും. ഭക്ഷണം കൊടുത്തും ഇണയെ കാട്ടിയും തിരികെയെത്തിക്കാനായിരുന്നു   അധികൃതരുടെ ശ്രമം. ഇടയ്ക്ക് താഴേക്ക് ഇറങ്ങുന്നുണ്ടെങ്കിലും പിടികുടാനാകുന്നതിന് മുമ്പേ വീണ്ടും മരത്തിന് മുകളിലേക്ക് കയറി പോയ കുരങ്ങുകൾ കുറച്ചൊന്നുമല്ല അധികൃതര്‍ക്ക് തലവേദന ഉണ്ടാക്കിയത്. ഇന്ന് വൈകിട്ട് ഭക്ഷണം എടുക്കാൻ വന്നപ്പോഴാണ് രണ്ട് കുരങ്ങുകളെ പിടികൂടിയത്.

ആകെ 4 ഹനുമാൻ കുരങ്ങുകളാണ് മൃ​ഗശാലയിലുള്ളത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് മാസങ്ങൾക്ക് മുമ്പ് ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരത്തെ മൃ​ഗശാലയിലെത്തിച്ചത്. സന്ദർശകർക്ക് കാണാൻ പാകത്തിൽ കൂട്ടിലേക്ക് മാറ്റുന്നതിനിടെ കഴിഞ്ഞ ജൂണിൽ ഒരു കുരങ്ങ് ചാടിപ്പോയിരുന്നു. തലസ്ഥാന ന​ഗരത്തിൽ സ്വൈര്യവിഹാ​രം നടത്തിയിരുന്ന കുരങ്ങിനെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് മൃ​ഗശാല അധികൃതർ കൂട്ടിലാക്കിയത്. 

By admin