2.5 ടൺ ഭാരമുള്ള ഗ്ലാസ് പാളികൾ ഇറക്കുന്നതിനിടെ ബെൽട്ട് പൊട്ടി, ചില്ലിനടിയിൽ പെട്ട് 4 പേർക്ക് ദാരുണാന്ത്യം

പൂനെ: ഗ്ലാസ് നിർമ്മാണ കമ്പനിയിൽ അപകടം. ദാരുണമായി കൊല്ലപ്പെട്ട് നാല് തൊഴിലാളികൾ. മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. പൂനെ യെവാലേവാഡിയിലെ ഇന്ത്യ ഗ്ലാസ് സൊല്യൂഷൻസ് കമ്പനിയിലാണ് ഞായറാഴ്ച ഗ്ലാസ് വീണ് നാല് തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഗ്ലാസ് പാളികൾ വച്ചിരുന്ന മരം കൊണ്ട് നിർമ്മിച്ച ബോക്സുകൾ കണ്ടെയ്നറിൽ നിന്ന് ഇറക്കുന്നതിനിടയിലാണ്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു അപകടം. 

ട്രെക്കിലേക്ക് അൺലോഡ് ചെയ്യുന്നതിനിടെ ഗ്ലാസ് പാളികൾ അടുക്കി വച്ചിരുന്ന പെട്ടികൾ ഇവ ബന്ധിപ്പിച്ചിരുന്ന സുരക്ഷാ ബെൽട്ട് പൊട്ടി വീണ് മൂന്ന് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും നാല് പേർ കൊല്ലപ്പെടുകയുമായിരുന്നു. തിലേകർ നഗർ സ്വദേശികളായ ഹുസൈൻ തയ്യാബലി പിത്താവാലെ, ഹാതിം ഹുസൈൻ മോട്ടോർവാല, കാലംമ്പോലി സ്വദേശിയായ രാജു ദർശത് റാസ്ഗ് എന്നിവരെയാണ് പൂനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. 

അമിത് ശിവശങ്കർ കുമാർ(27), വികാസ് സർജു പ്രസാദ് ഗൌതം(23), ധർമേന്ദ്ര സത്യപാൽ കുമാർ(40), പവൻ രാമചന്ദ്ര കുമാർ(44) എന്നിവരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. 2.5 ടൺ അടുത്ത് ഭാരമുള്ള ബോക്സുകളായിരുന്നു തൊഴിലാളികൾ ഇറക്കി വച്ചിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. യന്ത്രത്തിന്റെ സഹായത്തോടെയാണ് അൺലോഡ് ചെയ്തിരുന്നെങ്കിലും സേഫ്റ്റി ബെൽറ്റ് പൊട്ടിയാണ് ഗ്ലാസ് തൊഴിലാളികളുടെ മേലേയ്ക്ക് വീണത്. 

കൊല്ലപ്പെട്ട നാല് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്.  കമ്പനിയുടെ ഉടമകളും പങ്കാളികളുമാണ് അറസ്റ്റിലായിട്ടുള്ളത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin