കോട്ടയം: നട്ടാശേരി വട്ടമ്മൂട് പാലത്തിനു സമീപം റോഡരികിലെ കുഴിയില്‍ കണ്ടെത്തിയ മൃതദേഹം ബി.ജെ.പി. പ്രാദേശിക  നേതാവിന്റേത്.  മൈനോരിറ്റി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തിരുനക്കര ആസാദ് ലൈന്‍ വെണ്‍പറമ്പില്‍ നാസര്‍ റാവുത്തറി (65)ന്റേതാണു മൃതദേഹമെന്നു തിരിച്ചറിഞ്ഞു.
തിരുനക്കര അനശ്വര തീയറ്ററിനു സമീപം താമസിച്ചിരുന്ന ഇദ്ദേഹം നിലവില്‍ സംക്രാന്തിയിലാണു വാടകയ്ക്ക് താമസിച്ചിരുന്നത്.
വിളക്കിന്റെ തിരി കച്ചവടം ചെയ്തിരുന്ന നാസറിനെ 10 ദിവസമായി കാണാനില്ലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ ഇയാള്‍ വീടു വിട്ടു നില്‍ക്കുന്നതു പതിവായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വട്ടമൂടിനു സമീപം റോഡരികിലെ  കുഴിയില്‍ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
 മുഖം പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം അഴുകിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ നാസറിന്റെ ലൈസന്‍സ് ലഭിച്ചതോടെയാണു ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
 ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതി അംഗം, ബി.ജെ.പി. ടൗണ്‍ പ്രസിഡന്റ്, മണ്ഡലം കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : ബീന. മകന്‍: ഹനീഫ.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സംഭവത്തില്‍ ദുരൂഹതയൊന്നും സംശയിക്കുന്നില്ലെന്നു ഈസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *