തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ മന്ത്രി കെബി ഗണേശ് കുമാര്‍ ഇന്ന് വിമര്‍ശനം അഴിച്ചുവിട്ടത് ഇവര്‍ക്കെതിരായ നിരന്തര പരാതികളില്‍ മനസ് മടുത്തെന്ന് വിലയിരുത്തല്‍.
അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, യാത്രക്കാരോടുള്ള മോശം പെരുമാറ്റം എന്നിവയുടെ പേരിലാണ് മന്ത്രിയുടെ വിമര്‍ശനം എങ്കിലും അതിനും അപ്പുറത്താണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പെരുമാറ്റം എന്ന് ഇതര വാഹനയാത്രക്കാര്‍ക്ക് അനുഭവമാണ്.
പ്രത്യേകിച്ചും വീതികുറഞ്ഞ റോഡുകളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെ അവര്‍ക്കുനേരെ ബസ് ഓടിച്ചുകൊണ്ടുവന്ന് അപകടം ഉണ്ടാക്കുകയോ അല്ലെങ്കില്‍ ആ വാഹനങ്ങളെ മതിലിനോട് ചേര്‍ക്കുന്നതോ ഒക്കെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ക്രൂരവിനോദങ്ങളാണ്.
ജീവന്‍ വേണേല്‍ ഓടിക്കോ !
ജീവനും വാഹനവും വേണമെങ്കില്‍ രക്ഷപെട്ടോണം എന്ന നിലയിലാണ് എതിരെ വരുന്ന വാഹനങ്ങള്‍ക്കുനേരെ കെഎസ്ആര്‍ടിസി ബസ് ഓടിച്ചു വരുന്നത്.

മാസങ്ങള്‍ക്കു മുമ്പ് പാലാ ഡിപ്പോയിലെ കൂത്താട്ടുകുളം റൂട്ടിലോടുന്ന ബസ് കരൂര്‍ പഞ്ചായത്തിനു സമീപം ഈ റോഡിന്‍റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തുവച്ച് എതിരെ വന്ന കാറിന് നേരെ ഓടിച്ചുകയറ്റുകയും അപകടം ഉണ്ടാകുകയും ചെയ്തിരുന്നു.
അന്ന് വേണുഗോപാല്‍ എന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ നാട്ടുകാര്‍ ബസ് തടഞ്ഞു നിര്‍ത്തിയപ്പോള്‍ ‘താന്‍ കാക്കിയാണ് ഇട്ടിരിക്കുന്നത്, എന്നെ തൊട്ടാല്‍ വിവരം അറിയും’ എന്നൊക്കെയാണ് നാട്ടുകാരോട് വിളിച്ചു പറഞ്ഞത്.
ഒടുവില്‍ കാര്‍ നന്നാക്കിക്കൊടുക്കാം എന്ന ഉറപ്പില്‍ നാട്ടുകാര്‍ വണ്ടി ഓടിച്ചുപോകാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ആ വാക്ക് പാലിച്ചതുമില്ല.
പാലായിലെ ഡ്രൈവര്‍മാരില്‍ വില്ലന്മാര്‍ ?
പാലാ ഡിപ്പോയിലെ തന്നെ കൂത്താട്ടുകുളം റൂട്ടിലോടുന്ന ഡ്രൈവര്‍മാര്‍ സ്ഥിരമായി എതിരെ വരുന്ന വാഹനങ്ങള്‍ക്കു നേരെ ബസ് ഓടിച്ചു കയറ്റുന്നത് പതിവാണ്. ഇതേ അനുഭവം മീനച്ചില്‍ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന കെഎസ്ആര്‍ടിസി ‘ഗ്രാമവണ്ടി’യുടെ ഡ്രൈവറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

പാലായില്‍ ഒരു സ്വകാര്യ വാഹന ഉടമയ്ക്കു തന്നെ ഇത്തരം നാലോ അഞ്ചോ അനുഭവങ്ങള്‍ സമീപകാലത്തു തന്നെയുണ്ടെന്നു പറയുമ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ കൂട്ടത്തോടെയാണ് ഇത്തരം ക്രൂരവിനോദങ്ങള്‍ തുടരുന്നതെന്ന് വ്യക്തം.
അപകടം ഉണ്ടായാല്‍ ഞങ്ങള്‍ക്കെന്ത് ?
എതിരെ വരുന്ന വാഹനങ്ങള്‍ എതിലെയെങ്കിലും പോകട്ടെ, അല്ലെങ്കില്‍ അടിയില്‍ കയറിക്കോട്ടെ, ഞങ്ങള്‍ക്കൊന്നും പോകാനില്ല.. എന്നതാണ് പല ഡ്രൈവര്‍മാരുടെയും സമീപനം. അപകടം ഉണ്ടാക്കിയാല്‍ ജീവനക്കാര്‍ക്ക് നഷ്ടമില്ല, അത് കെഎസ്ആര്‍ടിസി നോക്കിക്കൊള്ളും എന്നതാണ് ഡ്രൈവര്‍മാരുടെ ഈ സമീപനത്തിന് കാരണം.

മറിച്ച്, ഇന്ന് മന്ത്രി പറഞ്ഞിരിക്കുന്നതുപോലെ അപകടം ഉണ്ടാക്കിയാല്‍ അതിന്‍റെ ഉത്തരവാദിത്വവും നഷ്ടപരിഹാരവും ഉദ്യോഗസ്ഥര്‍ക്കുതന്നെ നല്‍കിയാല്‍ ഇത്തരം ക്രൂരവിനോദങ്ങളില്‍ നിന്നും ഡ്രൈവര്‍മാര്‍ പിന്മാറിയേക്കും. സ്വന്തം പോക്കറ്റില്‍ നിന്നും പണം പോകുകയും കേസില്‍ പെടുകയും ചെയ്താല്‍ നേരേചൊവ്വേ പെരുമാറാന്‍ ഇവര്‍ തയ്യാറാകും.
നാലും അഞ്ചും യാത്രക്കാര്‍ മാത്രമായി കാലിയടിച്ച് പോയാലും യാത്രക്കാര്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നത് ചില കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഹരമാണ്. സ്വന്തം സ്ഥാപനത്തെ ശത്രുതയോടെ കാണുന്ന ഒരു വിഭാഗം ഇവരേപ്പോലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വേറെ കാണില്ല. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *