ഡൽഹി: 26 റഫാൽ മറൈൻ ജെറ്റ് കരാറിന്‍റെ അന്തിമ വില ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്. ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഫ്രാന്‍സ് വില സംബന്ധിച്ച രേഖ സമര്‍പ്പിച്ചത്.
പ്രോജക്റ്റിനായി ഫ്രാന്‍സ് ഏറ്റവും മികച്ച വിലയാണ് അധികാരികൾക്ക് മുന്നില്‍ സമർപ്പിച്ചിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വാര്‍ത്ത ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.
കരാറിന്‍റെ മേലുണ്ടായ ചർച്ചകൾക്ക് ശേഷം ഗണ്യമായ വിലക്കുറവ് ഫ്രാന്‍സ് നൽകിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്‌ച ഇന്ത്യയുമായുള്ള ചർച്ചകൾക്ക് അന്തിമരൂപം നൽകാൻ ഫ്രഞ്ച് സംഘം ഡല്‍ഹിയില്‍ എത്തിയിരുന്നു.
ഐഎൻഎസ് വിക്രാന്ത് വിമാന വാഹിനിക്കപ്പലിലും വിവിധ താവളങ്ങളിലുമാണ് 26 റഫാൽ മറൈൻ ജെറ്റുകൾ വിന്യസിക്കുന്നത്. നാളെയാണ് അജിത് ഡോവല്‍ പാരീസിൽ ചർച്ച നടത്തുന്നത്.
ഇന്ത്യൻ നാവികസേനയുടെ ആക്രമണ ശേഷി ശക്തിപ്പെടുത്തുന്നതില്‍ ഈ കരാർ പ്രധാനമാണ് എന്നാണ് വിലയിരുത്തല്‍. വിമാനത്തിൽ തദ്ദേശീയ ആയുധങ്ങൾ കൂടെ സംയോജിപ്പിക്കണമെന്ന് ഇന്ത്യ ഫ്രാൻസിനോട് ആവശ്യപ്പെട്ടിരുന്നു.
36 റഫാൽ യുദ്ധവിമാനങ്ങൾക്കായുള്ള മുൻ കരാർ ഉപയോഗിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 40 ഓളം ഡ്രോപ്പ് ടാങ്കുകളും വിമാനങ്ങൾക്കായി കുറച്ച് വർക്ക് സ്റ്റേഷനുകളും ഉൾപ്പെടുന്ന നാവിക കരാറിൽ ഇന്ത്യൻ വ്യോമസേനയുടെ ചില ആവശ്യകതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *