തിയറ്ററിൽ ശോഭിച്ചില്ല, ഒടിടിയിൽ അങ്ങ് കത്തിക്കയറി; ഒടുവിൽ ആ സുവർണ നേട്ടത്തിൽ ‘ഭ​രതനാട്യം’

കൊവിഡിന് ശേഷമാണ് ഒടിടി റിലീസുകൾക്ക് പ്രധാന്യമേറുന്നത്. പ്രത്യേകിച്ച് മലയാള സിനിമകൾ ഇതര ഭാഷക്കാരിലേക്ക് എത്തിയതും ഈ കാലഘട്ടത്തിൽ ആണ്. അത്തരത്തിൽ ഒടിടിയിൽ വരാൻ കാത്തിരിക്കുന്ന സിനിമകളുണ്ടാകും പ്രേക്ഷകർക്ക്. കണ്ട പടങ്ങൾ വീണ്ടും കാണാനും, കാണാത്തവ കാണാനുമുള്ള അവസരങ്ങൾ ഒക്കെ ആകും അതിന് കാരണം. ചില സിനിമകൾക്ക് തിയറ്ററിൽ ലഭിക്കുന്നതിനെക്കാൾ വൻ സ്വീകാര്യത ഒടിടിയിൽ നിന്നും ലഭിക്കാറുമുണ്ട്. അത്തരത്തിലൊരു സിനിമയായിരിക്കുകയാണ് ഭരതനാട്യം. 

സൈജു കുറുപ്പും സായ് കുമാറും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഭരതനാട്യം ഓ​ഗസ്റ്റ് 30ന് ആണ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ പലകാരണങ്ങളാലും തിയറ്ററിൽ വേണ്ടത്ര ശോഭിക്കാൻ ചിത്രത്തിനായിരുന്നില്ല. ഒടുവിൽ സെപ്റ്റംബർ 27 മുതൽ ഒടിടിയിൽ എത്തിയ ഭരതനാട്യം പ്രേക്ഷകർ ഇരുകയ്യും സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഭരതൻ എന്ന കഥാപാത്രമായി സായ് കുമാർ പകർന്നാടിയപ്പോൾ, അ​ദ്ദേഹത്തിന്റെ മകനായി സൈജു കുറുപ്പും കസറി. സൈജു കുറിപ്പിന്റെ ഏറ്റവും മികച്ച എന്റർടെയ്നറാണ് ഭ​രതനാട്യം എന്നാണ് ഏവരും പറയുന്നത്. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിലെ ടോപ് 10 സിനിമകളിലും ഇടം പിടിച്ചിരിക്കുകയാണ് ഭരതനാട്യം. അത്രത്തോളം സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതും. 

‘പലപ്പോഴായി പല സിനിമകളിൽ കണ്ട ഒരുരംഗം അതിനു ശേഷമുള്ള കാഴ്ചകളിൽ വ്യത്യസ്തമായി ചിന്തിച്ചപ്പോൾ വലിയ തട്ടുകേടില്ലാത്ത ഒരു കൊച്ചു സിനിമ കാണാൻ സാധിച്ചു. ചെറിയ നർമ്മ മുഹൂർത്തങ്ങളും സായികുമാറിന്റെ നല്ല പെർഫോമൻസും കൂടിച്ചേർന്നപ്പോൾ നല്ല ഒരു സിനിമാനുഭവമായിമാറി’, എന്നാണ് ഭരതനാട്യം ഒടിടി പ്രേക്ഷകർ പറയുന്നത്.

‘രണ്ട് മണിക്കൂർ ലാ​ഗ് ഒന്നും ഇല്ലാതെ ഒരു രസത്തിൽ, കോമഡി ഒക്കെ ആയി കണ്ടിരിക്കാൻ പറ്റുന്ന ഒരു രസകരമായ കുടുംബ ചിത്രം. എല്ലാവരും നൈസ് ആയിരുന്നു. പ്രത്യേകിച്ച് സായ് കുമാർ’, എന്നാണ് മറ്റൊരാൾ കമന്റായി രേഖപ്പെടുത്തിയത്. മോളിവുഡിൽ വളരെക്കാലമായി നഷ്ടമായ ഒരു തരം സിനിമയാണിതെന്ന് പറയുന്നവരും ഉണ്ട്. 

അമരൻ; രാജ്യത്തിനായി വീരമൃത്യുവരിച്ച മേജർ മുകുന്ദ് വരദരാജന്റെ കഥ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

By admin