ലോകമൊട്ടാകെയുള്ള തിയറ്ററുകളില്‍ മികട്ട പ്രകടനം കാഴ്ചവച്ച് ദേവര. ജൂനിയര്‍ എൻടിആറും കൊരട്ടാല ശിവയും ഒന്നിച്ച ദേവരയുടെ ഓപ്പണിംഗ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍ ഇപ്പോൾ. 172 കോടിയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ ഗ്രോസ് ഓപ്പണിംഗ് കളക്ഷൻ. മികച്ച പ്രേക്ഷക പിന്തുണയോടെ ചിത്രം രണ്ടാം ദിനവും ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ ഹൗസ്‍ഫുൾ ഷോകളുമായി മുന്നേറുകയാണെന്നാണ് റിപ്പോർട്ട്.
”ആദ്യ ദിനം 172 കോടി നേടി ലോകം മുഴുവൻ കുലുക്കി മാൻ ഓഫ് മാസസ് ജൂനിയർ എൻടിആർ” എന്ന് കുറിച്ചുകൊണ്ടാണ് നിർമ്മാതാക്കളായ യുവസുധ ആർട്സ്, എൻടിആർ ആർട്സ് ബാനറുകളുടെ സോഷ്യൽമീഡിയ പേജുകളിൽ പോസ്റ്റർ എത്തിയിരിക്കുന്നത്. ടോട്ടൽ ജൂനിയർ എൻടിആർ ഷോ എന്നാണ് സിനിമയെ കുറിച്ച് വന്നിട്ടുള്ള പ്രേക്ഷകാഭിപ്രായം.
ഭൈര എന്ന വില്ലൻ വേഷത്തിൽ സെയ്ഫ് അലിഖാനും തങ്കമായി ജാൻവി കപൂറും മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നുമാണ് തിയറ്റർ ടോക്ക്. ‘ദേവര’യുടെ ആദ്യ പകുതി ഗംഭീരമാണെന്നും ഇന്‍റർവെൽ പഞ്ചും ക്ലൈമാക്സിലെ ട്വിസ്റ്റും രണ്ടാം ഭാഗത്തേക്കുള്ള ലീഡുമൊക്കെ പ്രേക്ഷകർക്ക് മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ചിരിക്കുന്നു എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ മുപ്പതിനായിരത്തിലേറെ ബുക്കിങ്ങുമായി രണ്ടാം ദിനവും ട്രെൻഡിങ്ങാണ് ചിത്രം. തെലുങ്കിൽ അസാധാരണമായ ബുക്കിങ്ങാണ് തിയറ്ററുകളിൽ ലഭിക്കുന്നത്. മലയാളം, തമിഴ് പതിപ്പിനും വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. തിയറ്ററുകൾ തോറും ഹൗസ്‍ഫുൾ ഷോകളോടെ വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം.
സിനിമയിൽ അനിരുദ്ധിന്‍റെ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജൂനിയർ എൻടിആറിന്‍റെ തകർപ്പൻ പ്രകടനത്തിനും ആരാധകരിൽ നിന്ന് കൈയ്യടി ലഭിക്കുന്നുണ്ട്. ചിത്രം വരും ദിവസങ്ങളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തികുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് റിലീസിന് മുൻപ് തന്നെ മികച്ച പ്രീ റിലീസ് ബിസിനസ് നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ദേവര’ രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് പുറത്തിറങ്ങിയിരക്കുന്ന ആദ്യഭാഗം ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
No force can hold back the TSUNAMI OF #DEVARA 🔥#BlockbusterDEVARA pic.twitter.com/oGhYIZ0TuG
— Devara (@DevaraMovie) September 28, 2024
‘ജനത ഗ്യാരേജി’ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒന്നിച്ച ചിത്രവുമാണ് ‘ദേവര’. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. രത്നവേലു ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും മനോഹരമാണെന്നാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
250ൽ പരം സ്ക്രീനുകൾ, വിജഗാഥ തുടർന്ന് എആർഎം; മൂന്നാം വാരത്തിലേക്ക് കുതിച്ച് ടൊവിനോ പടം