കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഇടതുപക്ഷത്തുനിന്നും പുറത്തായ പിവി അന്‍വര്‍ എംഎല്‍എ ലക്ഷ്യം വയ്ക്കുന്നത് പുതിയ പാര്‍ട്ടി. മലബാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുന്ന ന്യൂനപക്ഷ മുഖമുള്ള പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അന്‍വറും കൂട്ടരും ലക്ഷ്യം വയ്ക്കുന്നതെന്നാണ സൂചന.
മറ്റൊരു സിപിഎം സ്വതന്ത്ര എംഎല്‍എ ആയ കെടി ജലീല്‍ അധ്യക്ഷനും അന്‍വര്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും എന്ന നിലയിലാകും പുതിയ പാര്‍ട്ടി എന്ന അഭ്യൂഹങ്ങളും ശക്തമാണ്.

പിടിഎ റഹിം എംഎല്‍എ ഉള്‍പ്പെടെയുള്ള മലബാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കെല്പുള്ള നേതാക്കളില്‍ പലരും ഈ പാര്‍ട്ടിയോടൊപ്പം കൂടുമെന്നാണ് സൂചന. നിലവിലെ ഇടതുപക്ഷ, യുഡിഎഫ് ജനപ്രതിനിധികളില്‍ നിന്നും അപ്രതീക്ഷിതമായി ചില പിന്തുണകള്‍ അന്‍വര്‍ പ്രതീക്ഷിക്കുന്നുണ്ട്.

പിവി അന്‍വറും കെടി ജലീലും പിടിഎ റഹീമും താഴേ തട്ടില്‍ പ്രവര്‍ത്തകരും ജനങ്ങളുമായി ഏറെ അടുപ്പമുള്ള നേതാക്കളാണ്.
മുസ്ലിം ലീഗില്‍ നിന്നും ചില പ്രമുഖരുടെ സാന്നിധ്യവും അന്‍വറിന്‍റെ പാര്‍ട്ടിയിലേയ്ക്ക് പ്രതീക്ഷിക്കുന്നുണ്ട്. ലീഗിലെ അസംതൃപ്തരെ കൂടി ഒരേ ചേരിയില്‍ കൊണ്ടുവരാനാണ് അന്‍വര്‍ പ്രതീക്ഷിക്കുന്നത്. 

കൃത്യമായ ന്യൂനപക്ഷ ടാര്‍ജറ്റിലാണ് പത്രസമ്മേളനങ്ങളില്‍ പോലും അന്‍വറിന്‍റെ പ്രതികരണങ്ങല്‍. ഭരണപക്ഷത്തേയും ഒരു പരിധിവരെ പ്രതിപക്ഷത്തേയും അന്‍വര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷത്തേയ്ക്ക് പോയില്ലെങ്കിലും പ്രതിപക്ഷത്തെ പിണക്കാതെ നിര്‍ത്താനുള്ള ജാഗ്രതയും വാക്കുകളില്‍ വ്യക്തം. കാരണം, പുതിയ പാര്‍ട്ടിക്ക് ചേക്കേറാന്‍ ഒരു താവളം ആവശ്യമാണ്. അത് യുഡിഎഫുമായി മാത്രമേ സാധ്യമാകൂ എന്നതും യാഥാര്‍ഥ്യമാണ്.

മലപ്പുറത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് പിന്തുണ ഉറപ്പാക്കുകയാണ് അന്‍വറിന്‍റെ ലക്ഷ്യം.
അതേ സമയം, കെടി ജലീല്‍ എംഎല്‍എ ഒക്ടോബര്‍ രണ്ടിനു ശേഷം നിലപാട് പറയും എന്നാണ് പ്രതികരിച്ചിട്ടുള്ളത്. അതില്‍തന്നെ ജലീലും ഇടതുപക്ഷത്തിന് പുറത്തേയ്ക്ക് എന്ന് വ്യക്തമാണ്. ഇടതുപക്ഷത്തോടൊപ്പമെങ്കില്‍ നിലപാട് പറയാന്‍ രണ്ടാം തീയതിവരെയുള്ള ‘അവധി’ എടുക്കേണ്ട സാഹചര്യം ജലീലിനില്ല. 
ഇതോടെ പാര്‍ട്ടി അടുത്ത കാലത്തായി ശക്തിയാര്‍ജിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സിപിഎമ്മിന്‍റെ നില പരുങ്ങലില്‍ ആകും.

By admin

Leave a Reply

Your email address will not be published. Required fields are marked *