കൊച്ചി: മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വിദ്യാർഥികൾക്ക് പരിക്ക്. കോതമംഗലം എംഎ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പിറവത്തെ അരീക്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിച്ചതിന് ശേഷം മടങ്ങി വരികയായിരുന്നു ഇവർ. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പിറവം ഭാഗത്തേക്ക് പോകുകയായിരുന്ന ബസുമായാണ് കാർ കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ആലുവ രാജഗിരി ഹോസ്പിറ്റലിലും മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.