ജിദ്ദ: നിക്ഷേപത്തട്ടിപ്പ് നടത്തി നാട്ടുകാരെ വഞ്ചിക്കുന്നത് ഏർപ്പാടാക്കിയിരുന്ന ക്രിമിനൽ സംഘം സൗദിയിൽ പിടിയിലായി. അനുമതിയില്ലാത്ത ബിസിനസിലൂടെ ഡിജിറ്റൽ കറൻസികളിൽ വ്യാജ നിക്ഷേപത്തിന് പ്രേരിപ്പിച്ചുകൊണ്ടായിരുന്നു തട്ടിപ്പ്. പതിനാല് പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. സൗദി പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങൾ. സാമ്പത്തിക തട്ടിപ്പും വിശ്വാസവഞ്ചനയും തടയുന്നതിനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് വേണ്ടുന്ന ശിക്ഷ ചുമത്താൻ കേസ് ബന്ധപ്പെട്ട കോടതിയിലേക്ക് റഫർ ചെയ്തതായും പ്രോസിക്യൂഷൻ തുടർന്നു.
വിദേശങ്ങളിലെ വ്യാജ സ്ഥാപനങ്ങളുമായിട്ടായിരുന്നു സംഘം നിക്ഷേപ ഇടപാടുകൾ നടത്തിവന്നിരുന്നതെന്ന് ഇത് സംബന്ധിച്ച് നടന്ന അന്വേഷങ്ങളിൽ നിന്ന് വ്യക്തമായതാണ് പ്രോസിക്യൂഷൻ വെളിപ്പെടുത്തി. അത്തരം വ്യാജ കമ്പനികളിൽ നിന്ന് സംഘാംഗങ്ങൾക്ക് കോളുകൾ വരാറുണ്ടായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയും സാങ്കേതിക പ്രോഗ്രാമുകളിലൂടെയുമായിരുന്നു ആശയ വിനിമയങ്ങൾ.
അവരുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ സംഘത്തെ ചുമതലകപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിമാസ വേതനം നിശ്ചയിച്ചിരുന്നു ഇതെല്ലാം. ഇരകളുമായി ആശയവിനിമയം നടത്തുകയും അവരെ നിക്ഷേപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയും ഒടുവിൽ നിക്ഷേപത്തിന് സന്നദ്ധരായവരുടെ പണം തട്ടുകയുമായിരുന്നു സംഘം ചെയ്തിരുന്നത്.
ലൈസൻസില്ലാത്ത ഡിജിറ്റൽ കറൻസികൾ വിപണനം ചെയ്യുക, മറ്റുള്ളവരിൽ നിന്ന് ബാങ്ക് ട്രാൻസ്ഫർ സ്വീകരിക്കുക, പിന്നീട് ഈ പ്ലാറ്റ്‌ഫോമുകളിലേക്ക് പണം കൈമാറ്റം ചെയ്യുക എന്നീ ചെയ്തികളും ഇവരിൽ നിന്ന് അന്വേഷണത്തിലൂടെ സ്ഥിരപ്പെട്ടു. ചിപ്പ് ഓപ്പറേറ്റിംഗ് ഉപകരണങ്ങളും നിരവധി കമ്മ്യൂണിക്കേഷൻ കാർഡുകളും ഇവർ കൈവശം വച്ചിരുന്നതായും അന്വേഷണ നടപടിക്രമങ്ങൾ വ്യക്തമാക്കി.
പൊതുജനങ്ങളെ വഞ്ചിക്കുകയും സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവർക്കുമെതിരെ പൊതു ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാനും കർശനമായ ശിക്ഷയ്ക്ക് വിധേയമാക്കാനും മടിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു