ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് വീണ്ടും തിരിച്ചടി.സംസ്ഥാന സർക്കാരിനെതിരായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന ഗുജറാത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
2002-ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ കാലാവധിക്ക് മുമ്പ് വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി നേരത്തേ റദ്ദാക്കിയിരുന്നു. ‘കുറ്റവാളികൾക്കൊപ്പം ചേർന്ന് ഒത്തുകളിച്ചു’വെന്ന് ഉൾപ്പെടെ ഗുജറാത്ത് സർക്കാരിനെതിരെ ഗുരുതര പരാമർശങ്ങളാണ് സുപ്രീംകോടതിയുടെ വിധിപ്രസ്താവത്തിലുണ്ടായിരുന്നത്. ഇത് നീക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സർക്കാരിന്റെ റിവ്യൂ ഹർജി നൽകുകയായിരുന്നു.
‘കുറ്റവാളികൾക്കൊപ്പം ചേർന്ന് ഒത്തുകളിച്ചു’വെന്നത് ഉൾപ്പെടെയുള്ള സുപ്രീംകോടതി പരാമർശങ്ങൾ അനുചിതവും കേസിന്റെ രേഖയ്ക്ക് വിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. എന്നാൽ, ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് ഇത് അംഗീകരിച്ചില്ല. റിവ്യൂ ഹർജിക്കൊപ്പം സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോൾ കോടതി ഉത്തരവിൽ തെറ്റില്ലെന്നും തൃപ്തരാണെന്നും സുപ്രീംകോടതി അറിയിച്ചു. ഉത്തരവ് പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും കോടതി അറിയിച്ചു.