ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. സേലം സ്വദേശികളായ മണികണ്ഠന്‍(50), ഭാര്യ നിത്യ, ഇവരുടെ രണ്ട് മക്കള്‍, മണികണ്ഠന്റെ അമ്മ സരോജ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.
വിഷം ഉള്ളില്‍ച്ചെന്നാണ് മരണം. കാറില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി-കാരക്കുടി ദേശീയപാതയില്‍ പുതുക്കോട്ട ജില്ലയിലെ നാമനസമുദ്രം ഭാഗത്താണ് സംഭവം.
കഴിഞ്ഞദിവസം വൈകിട്ട് മുതല്‍ കാര്‍ സ്ഥലത്തുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. സംശയം തോന്നി പരിശോധിച്ചപ്പോള്‍ കുടുംബാംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സേലത്ത് ലോഹവ്യാപാരിയാണ് മണികണ്ഠന്‍. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.