ഓണത്തിന് പിരിവ് നൽകാത്തതിൽ തുടങ്ങിയ തർക്കം, ക്രൂരമർദ്ദനത്തിനിരയായി എഞ്ചിനീയറിങ് വിദ്യാർത്ഥി; പരാതിയിൽ അന്വേഷണം
ആലപ്പുഴ: ഓണത്തിന് പിരിവ് നൽകാതിരുന്നതിൻ്റെ പേരിൽ എഞ്ചിനീയറിങ് വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ആരക്കുന്നം ടോക്ക് എച്ച് കോളേജിലെ ബിടെക് വിദ്യാർത്ഥി വിഷ്ണുവിനാണ് ഓണാഘോഷത്തിന്റെ തലേദിവസം മർദ്ദനമേറ്റത്. മേക്കാട് സ്വദേശിയായ വിഷ്ണു കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ തലയ്ക്കും ജനനേന്ദ്രിയത്തിനും മർദ്ദനമേറ്റുവെന്ന് വിഷ്ണു പറയുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിക്ക് 13 ദിവസം ക്ലാസ് നഷ്ടപ്പെട്ടു. ഓണാഘോഷത്തിന് പിരിവ് നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിന് കാരണമെന്നും സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തെന്നും ചൂണ്ടിക്കാട്ടി വിഷ്ണു കോളേജ് അധികൃതർക്കും പൊലീസിനും പരാതി നൽകി. സംഭവത്തിൽ കോളേജിലെ ആന്റി റാഗിംഗ് സെൽ പരിശോധന തുടങ്ങിയെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. കോളേജിൽ നിന്നും റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് പൊലീസും വ്യക്തമാക്കി.