മലപ്പുറം: രാഷ്ട്രീയത്തില്‍ ഇന്നും സജീവമായി തുടരാനും മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴം ലഭിക്കാന്‍ അവസരം ലഭിച്ചതും കെ.സി.വേണുഗോപാലിന്റെ ദീര്‍ഘവീക്ഷണവും രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയും മൂലമാണെന്ന്‌ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
മലപ്പുറത്ത് ആര്യാടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റില്‍ കെ.സി.വേണുഗോപാല്‍ വഹിച്ച പങ്കിനെ കുറിച്ച് സിദ്ധരാമയ്യ സംസാരിച്ചത്.
കെ.സി. വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി കര്‍ണ്ണാടകയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചക്കിടെ ചാമുണ്ടേശ്വരി മണ്ഡലത്തില്‍ മത്സരിക്കാനാണ് താല്‍പ്പര്യമെന്ന് താന്‍ നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ചാമുണ്ടേശ്വരിയില്‍  മത്സരിച്ചാല്‍ താങ്കള്‍ തോറ്റുപോകുമെന്നും ആ തീരുമാനം പുനഃപരിശോധിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
എന്നാല്‍ ആ ആവശ്യത്തോട് താന്‍ വഴങ്ങിയില്ല. മത്സരിക്കുകയാണെങ്കില്‍ ചാമുണ്ടേശ്വരി മണ്ഡലത്തിലായിരിക്കുമെന്ന കര്‍ശന നിലപാടിലായിരുന്നു തന്റെത്. അത് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം രാത്രി കെ.സി. വേണുഗോപല്‍ തന്നെ കാണാനെത്തി. ചാമുണ്ടേശ്വരിയില്‍  മത്സരിക്കുന്നത് തന്റെ രാഷ്ട്രീയ ഭാവിക്ക് ഗുണകരമാകില്ലെന്നും തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടു.
മനസ്സില്ലാതെയാണെങ്കിലും കെ.സി.വേണുഗോപാലിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു.  രണ്ടാമതൊരു  സീറ്റില്‍ക്കൂടി മത്സരിക്കാന്‍ കെ.സി.വേണുഗോപാല്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കെ.സി.വേണുഗോപാലിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
ചാമുണ്ടേശ്വരിമണ്ഡലത്തില്‍ താന്‍ പരാജയപ്പെട്ടു. കെ.സി.യുടെ നിര്‍ദ്ദേശപ്രകാരം മത്സരിച്ച ബദാമയില്‍ വിജയിക്കുകയും ചെയ്തു. ഒരു പക്ഷെ,  അന്ന് കെ.സി.വേണുഗോപാലിന്റെ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കാതിരുന്നിരുന്നെങ്കില്‍ താന്‍ ഇന്ന് രാഷ്ട്രീയ വനവാസം തേടേണ്ടിവന്നേനെ. തനിക്ക് രണ്ടാമതൊരിക്കലും മുഖ്യമന്ത്രി ആകാന്‍ കഴിയുമായിരുന്നില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. 
മോദി സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ളത്: കെ.സി.വേണുഗോപാല്‍ എംപി
നിയമനിര്‍മ്മാണങ്ങള്‍ ജനക്ഷേമത്തിന് വേണ്ടിയാകണമെന്ന് വിശ്വസിക്കുന്ന കാലഘട്ടത്തില്‍ നിന്ന് മാറി നിയമനിര്‍മ്മാണങ്ങള്‍ ജനങ്ങളെ വിഭജിക്കുന്നതിന് വേണ്ടിയായിരിക്കണമെന്ന് തീരുമാനിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന്‌ കെ.സി.വേണുഗോപാല്‍ എംപി. ആര്യാടന്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമനിര്‍മ്മാണം നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്നതാണല്ലോ ഇപ്പോള്‍ രാജ്യത്ത് കാണുന്നത്. ഈ കാലഘട്ടത്തില്‍ ആര്യാടനെപ്പോലൊരാള്‍ ഇല്ലാത്തത് ജനാധിപത്യത്തിനും മതേതരത്വത്തിനുമുള്ള കനത്ത നഷ്ടമാണെന്നത് വേദനിപ്പിക്കുന്നു. വ്യക്തിപരമായ നിലപാടുകള്‍ക്കപ്പുറം പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിനൊപ്പം നില്‍ക്കുന്നതായിരുന്നു ആര്യാടന്റെ ശൈലി.
അവാര്‍ഡുകള്‍ പ്രചോദനകരമാണ്. പക്ഷേ ഒരു പൊതു പ്രവര്‍ത്തകന്റെ ഗ്രാഫ് തീരുമാനിക്കപ്പെടുന്നതും യഥാര്‍ത്ഥ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതും ജനമനസ്സുകളിലാണ്. എന്നാല്‍ ആര്യാടന്റെ സ്മരണാര്‍ത്ഥമുള്ള ഈ പുരസ്‌കാരത്തിന് മൂല്യമേറെയാണെന്നും അദ്ദേഹം പറഞ്ഞു.
കാലം നമുക്കേല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ വലുതാണ്. നുണപ്രചരണങ്ങളുടെയും അസത്യങ്ങളുടെയും ഘോഷയാത്രകള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. ഭരണഘടനയ്ക്ക് കാവലാളാകാനും, പാവപ്പെട്ടവന് വേണ്ടി പോരാടാനും കോര്‍പ്പറേറ്റുകള്‍ക്കൊപ്പം മാത്രം നിലകൊള്ളുന്ന ഭരണകര്‍ത്താക്കള്‍ക്കെതിരെ പോരാടാനും വിട്ടുവീഴ്ചയില്ലാതെ രാഹുല്‍ ഗാന്ധിയുണ്ട്. ഭീഷണിപ്പെടുത്തിയാലും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാലും അദ്ദേഹം മുട്ടുമടക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *