തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളിൽ നിയമസഭാ സാമാജികർ അറസ്റ്റിലാവുകയോ കേസിൽ പെടുകയോ ചെയ്യുന്നത് ഇതാദ്യമല്ല. കൊച്ചിയിൽ അറസ്റ്റിലായ മുകേഷിനെപ്പോലെ നേരത്തെയും സമാന പരാതികളില്‍ ചില എംഎല്‍എമാര്‍ അറസ്റ്റിലാകുകയും അറസ്റ്റ് ഭീഷണി നേരിടുകയും ചെയ്തിരുന്നു. 
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടു സ്ത്രീകള്‍ നല്‍കിയ പരാതികളില്‍ അരഡസനിലേറെ കേരള നിയമസഭയിലെ എംഎല്‍എമാരാണ് അറസ്‌റ്റോ അറസ്റ്റ് ഭീഷണിയോ നേരിട്ടത്. അപൂര്‍വം കേസുകളില്‍ കീഴ്‌കോടതി ശിക്ഷിച്ച സംഭവങ്ങളുമുണ്ടായി. 
കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന യുഡിഎഫ് അംഗങ്ങളായ എം വിൻസെന്റ്, എൽദോസ് കുന്നിപ്പള്ളിൽ എന്നിവർ അറസ്റ്റിലായിരുന്നു. പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഒക്ടോബർ നാലു മുതൽ 18വരെ ചേരാനിരിക്കെ, മുകേഷിന്റെ അറസ്റ്റ് സഭയെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്. ഐപിസി 376 ചുമത്തിയതിനാൽ മുകേഷിന്റെ അറസ്റ്റ് ഒഴിവാക്കാൻ കഴിയുമായിരുന്നില്ല.

എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ 15-ാം കേരള നിയമസഭയില്‍ ലൈംഗീക പീഡന കേസില്‍ അറസ്റ്റിലാകുന്ന ആദ്യ ഭരണകക്ഷി എംഎല്‍എയായി അദ്ദേഹം മാറി. 

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് എംഎല്‍എമാരായ കോവളത്തെ പ്രതിനിധീകരിക്കുന്ന എം വിന്‍സന്റിനും പെരുമ്പാവൂരിലെ അംഗമായ എല്‍ദോസ് കുന്നപ്പിള്ളിക്കും എതിരേ ലൈംഗിക പീഡന പരാതി ഉയര്‍ന്നിരുന്നു. 
എം വിന്‍സന്റിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിലായി ഏറെ നാളുകള്‍ക്കു ശേഷമാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. തുടര്‍ന്ന് 2021 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിന്‍സന്റ് വീണ്ടും കോവളത്തു നിന്നു യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചു.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേയും സ്ത്രീ പീഡന പരാതി ഉയരുകയും പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിന് എതിരേയുള്ള കേസ് ഇപ്പോഴും നിലവിലുണ്ട്. 
കോവളത്തിന്റെ പ്രതിനിധിയായിരുന്ന ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരേയും സ്ത്രീപീഡനവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ മന്ത്രിസ്ഥാനം തെറിക്കാന്‍ ഇടയാക്കി. 
ഇകെ നായനാര്‍ മന്ത്രിസഭയില്‍ വനം, ഗതാഗത വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹത്തിനെതിരേ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയും ഐഎഫ്എസ് ഉദ്യോഗസ്ഥയുമായിരുന്നു പരാതി നല്‍കിയത്. 

ഇതേത്തുടര്‍ന്ന് 2000ല്‍ നീലന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. 2001 ലെ തെരഞ്ഞെടുപ്പില്‍ നീലന്‍ വീണ്ടും ജനതാദള്‍ പ്രതിനിധിയായി കോവളത്തു നിന്നു വിജയിച്ച ചരിത്രവുമുണ്ട്.

ഗതാഗത മന്ത്രിയായിരുന്ന ജോസ് തെറ്റയിലിനെതിരെയും ലൈംഗിക ആരോപണം ഉയർന്നിരുന്നു. മകനെക്കൊണ്ട് കല്യാണം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നും ആരോപണം. 
തെളിവായി വീഡിയോ ദൃശ്യങ്ങളും കൈമാറി. ഇതേത്തുടർന്ന് പോലീസ് കേസെടുത്തിരുന്നു. പരാതിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തി കോടതി പിന്നീട് അന്വേഷണം സ്റ്റേ ചെയ്തിരുന്നു. 
സോളാര്‍ കേസിലെ പ്രതിയായ യുവതി നല്‍കിയ ലൈംഗീക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എപി അനില്‍കുമാര്‍, ഹൈബി ഈഡന്‍ അടക്കമുള്ള അഞ്ച് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരേ അന്വേഷണം നടത്തിയെങ്കിലും ക്രൈംബ്രാഞ്ചും സിബിഐയും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കേസ് എഴുതി തള്ളിയിരുന്നു.

എംഎൽഎ അറസ്റ്റിലായാൽ ചില നടപടിക്രമങ്ങൾ പോലീസ് പാലിക്കേണ്ടതുണ്ട്. എംഎല്‍എയുടെ അറസ്റ്റിനു ശേഷം വിവരം സ്പീക്കറെ അറിയിക്കണം. ക്രിമിനല്‍ കേസുകളില്‍ എംഎല്‍എമാരെ അറസ്റ്റ് ചെയ്താല്‍, ഇക്കാര്യം ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ എത്രയും വേഗം നിയമസഭാ സ്പീക്കറെ രേഖാമൂലം അറിയിക്കണമെന്നാണ് നിയമസഭാ ചട്ടം 161ല്‍ വ്യക്തമാക്കുന്നത്. 

നിയമസഭാ സമ്മേളനം നടക്കുന്ന കാലയളവാണെങ്കില്‍ നിയമസഭാ വളപ്പില്‍ നിന്നോ എംഎല്‍എ ഹോസ്റ്റല്‍ അടക്കമുള്ള സ്ഥാലങ്ങളില്‍ നിന്നോ പിടികൂടാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. 
എന്നാല്‍, അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചാല്‍ ചട്ടം 163 അനുസരിച്ച് സ്പീക്കറെ രേഖാമൂലം അറിയിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമില്ലെന്നും വ്യക്തമാക്കുന്നുണ്ട്. മുന്‍പുള്ള അറസ്റ്റുകളില്‍ ഇത്തരം നിബന്ധനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിച്ചിരുന്നു.
പീഡനകേസിൽ എം മുകേഷ് എംഎൽഎ അറസ്റ്റിലായതോടെ സിപിഎം വീണ്ടും പ്രതിരോധത്തിൽ. മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും കേസിൽ അപ്പീൽ പോകേണ്ടെന്ന സർക്കാർ തീരുമാനം സിപിഎമ്മിൻ്റെ രാഷ്ട്രീയ നിലപാടാണ്. 

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും വിട്ടുവീഴ്ച്ചയില്ലാതെ സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് എൽഡിഎഫിൻ്റെ പ്രഖ്യാപിത നിലപാടായിരുന്നു. എന്നാൽ ഇത്തരമൊരു കേസിൽ സിപിഎം എംഎൽഎ ഉൾപ്പെട്ടതോടെ സർക്കാർ നിലപാടിൽ നിന്ന് പിന്നോട്ട് പോയെന്ന ആരോപണമാണ് ഉയരുന്നത്. 

ആരോപണ വിധേയൻ മാത്രമായ മുകേഷ് രാജിവെക്കേണ്ടതില്ല എന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും തീരുമാനിച്ചത്. 
മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ അറസ്റ്റ് സാങ്കേതികമാണെങ്കിലും സ്ത്രീ സുരക്ഷ സംബന്ധിച്ച എൽഡിഎഫിൻ്റെ പ്രഖ്യാപിത നിലപാടിൽ വെള്ളംചേർത്തെന്ന ആരോപണമുയരും. 
സംസ്ഥാനത്ത് രണ്ട് നിയമസഭാ സീറ്റുകളിലും ഒരു ലോക്സഭാ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാരിൻ്റെയും സിപിഎമ്മിൻ്റെയും നിലപാട് രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിടുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *