ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ അധ്യാപകന്‍ എറിഞ്ഞ വടി കൊണ്ട് വിദ്യാര്‍ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. നെവാരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ ആദിത്യ കുശ്വാഹ എന്ന കുട്ടിക്കാണ് കാഴ്ച്ച നഷ്ടപ്പെട്ടത്. സംഭവത്തില്‍ അധ്യാപകനായ ശൈലേന്ദ്ര തിവാരിക്കെതിരേ പോലീസ് കേസെടുത്തു.
രണ്ടു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ആദിത്യയുടെ കാഴ്ച തിരിച്ചെടുക്കാന്‍ സാധിച്ചില്ല. ആദിത്യയുടെ അമ്മ ജില്ലാ ശിശുക്ഷേമ സമിതിയെയും സമീപിച്ചു. പുറത്ത് കളിക്കുന്ന ചില വിദ്യാര്‍ഥികളെ വിളിക്കാന്‍ അധ്യാപകന്‍ കുട്ടിയോട് പറഞ്ഞു. ആദിത്യ അവരെ വിളിച്ചെങ്കിലും അവര്‍ വന്നില്ല. കുട്ടി ഇക്കാര്യം അധ്യാപകനോടു പറഞ്ഞു.
എന്നാല്‍, ദേഷ്യം വന്ന അധ്യാപകന്‍ ആദിത്യയ്ക്ക് നേരെ വടി എറിയുകയും കണ്ണില്‍ കൊള്ളുകയുമായിരുന്നു. അധ്യാപകന്‍ തന്നെയാണ് ആദിത്യയെ ആശുപത്രിയില്‍ കൊണ്ടുപോയത്. സഹപാഠികള്‍ ഈ വിവരം ആദിത്യയുടെ അമ്മയെ അറിയിച്ചത്. എന്നാല്‍, പോലീസില്‍ പോയി പരാതിപ്പെട്ടെങ്കിലും അവര്‍ നടപടി സ്വീകരിച്ചില്ല. വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടാണ് വിഷയം അന്വേഷിച്ചതെന്നും മാതാവ് പറഞ്ഞു.
ഏപ്രില്‍ 15ന് നടത്തിയ നേത്രപരിശോധനയില്‍ കണ്ണിന് കേടുപാടുകള്‍ സ്ഥിരീകരിച്ചതായി അമ്മ പറഞ്ഞു. ചിത്രകൂടിലെ കണ്ണാശുപത്രിയില്‍ എത്തിച്ച കുട്ടിയെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. എന്നാല്‍ കാഴ്ച തിരികെ ലഭിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനിടയില്‍, വിഷയം ഒതുക്കാന്‍ അധ്യാപകന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.