കോട്ടയം: കൈപ്പുഴമുട്ട് പാലത്തിനു സമീപം കാര്‍ ആറ്റിലേക്കു മറിഞ്ഞുണ്ടായ അപകടം ആദ്യം കണ്ടതു സമീപത്തു വള്ളത്തില്‍ ഉണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍. അപകട സമയത്തു രണ്ടു പേര്‍ വള്ളത്തില്‍ പാലത്തിനു സമീപം ഉണ്ടായിരുന്നു. ഇവര്‍ വെള്ളത്തിലേക്ക് എടുത്തു ചാടി കാറില്‍ പിടിച്ചെങ്കിലും കാര്‍ പെട്ടന്നു തന്നെ താഴ്ന്നു പോയി.
പിന്‍സീറ്റിലായിരുന്നു യുവതി ഉണ്ടായിരുന്നത്. കാര്‍ മുങ്ങിത്താഴുന്നതു കണ്ടു നില്‍ക്കാനേ ഇരുവര്‍ക്കുമായുള്ളൂ. പതിനഞ്ചടി താഴ്ചയിലേക്കാണ് കാർ താണു പോയത്. പിന്നീട് ഒന്നര മണിക്കൂര്‍ നേരത്തെ തിരച്ചിലിനു ശേഷം അഗ്‌നിശമന സേനയുടെ സ്‌കൂബ ഡൈവിങ് സംഘവും പോലീസും നാട്ടുകാരും ചേര്‍ന്നാണ് പത്തു മീറ്റര്‍ അകലെ നിന്നും കാര്‍ കണ്ടെത്തിയത്.  
കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. മുംബൈ സ്വദേശിനിയുടെ മൃതദേഹം ബന്ധുക്കള്‍ എത്തിയ ശേഷം വിട്ടുനല്‍കും. തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ച കൊട്ടാരക്കര ഓടനാവട്ടം മാംപൊയ്കയില്‍ ജോര്‍ജ് –  അന്നമ്മ ദമ്പതികളുടെ മകന്‍ ജയിംസ് ജോര്‍ജിന്റെ (48) മൃതദേഹമാണു ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോയത്. 
ജയിംസിന്റെയും ഇയാളുടെ ഭാര്യ അനുവിന്റെയും ബന്ധുക്കളെത്തിയാണു മൃതദേഹം ഏറ്റുവാങ്ങിയത്. ജയിംസിനൊപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര ബദ്‌ലാ പൂര്‍ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജെയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജേ (27) യുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ ബന്ധുക്കള്‍ എത്തിയ ശേഷം മാത്രമേ പോലീസ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടി പൂര്‍ത്തികരിക്കുകയുള്ളൂ.
മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയിലെ കെമിക്കല്‍ എന്‍ജിനീയറാണു ജയിംസ്. കമ്പനിയുടെ എറണാകുളത്തുള്ള ഓഫീസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയ ശേഷം വാടകയ്ക്ക് കാര്‍ എടുത്തു കുമരകത്തിന് എത്തിയപ്പോഴായിരുന്നു അപകടം.
നിലവില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നു രാജിവച്ച ശേഷം മറ്റൊരു സ്വകാര്യ കമ്പനിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കമ്പനിയുടെ എറണാകുളം ഹെഡ് ഓഫീസില്‍ എത്തിയ ശേഷം കൂടെയുണ്ടായിരുന്ന യുവതിയുമായി കാര്‍ വാടകയ്ക്ക് എടുത്തു കുമരകത്തേയ്ക്കു വരുമ്പോഴായിരുന്നു അപകടം. 
ജയിംസിന്റെ സംസ്‌കാരം  ഓടനാവട്ടം മര്‍ത്തോമ പള്ളിയില്‍ പിന്നീട് നടക്കും. മകന്‍: ജര്‍മി ജയിംസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *