കൊച്ചി: ഐസിഐസിഐ ബാങ്കിന്‍റെ പിന്തുണ അമ്പലപ്പുഴ വില്ലേജിലെ സങ്കീര്‍ത്തനം കുടുംബശ്രീ സ്വാശ്രയ സംഘത്തെ ഗണ്യമായ മാറ്റത്തിലേക്ക് പിടിച്ചുയര്‍ത്തി. 2023 നവംബറില്‍ ഐസിഐസിഐ ബാങ്കില്‍ നിന്നു ലഭിച്ച വായ്പ, സംഘത്തിന്‍റെ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ സഹായമായി.
ദൈനംദിന ജീവിതാവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യവുമായി 2003-ല്‍ സ്ഥാപിച്ച ഈ സ്വാശ്രയ സംഘം നിരവധി സംരംഭകത്വ പ്രവര്‍ത്തനങ്ങളാണ് വര്‍ഷങ്ങളായി നടത്തിയത്. ബാങ്കിന്‍റെ വായ്പ ലഭിച്ചത് വാതില്‍പ്പടി വിപണനത്തിനായുള്ള ചായപ്പൊടി വിതരണം ചെയ്യുന്നതിനുള്ള പാക്കിങ് നടത്തുന്ന സൂക്ഷ്മ സംരംഭത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായകമായി. കുമളി ടീ ഗാര്‍ഡനില്‍ നിന്നു തേയില നേരിട്ടു സംഭരിച്ച് ചെറുകിട വിപണനത്തിനായി പാക്കു ചെയ്യാന്‍ ഇതവരെ സഹായിച്ചു.
ഇതോടൊപ്പം സംഘം കൂടുതല്‍ അവസരങ്ങള്‍ തേടാനും തുടങ്ങി. വേദന, വെരിക്കോസ് വെയിന്‍, മുടികൊഴിച്ചില്‍ തുടങ്ങിയവയ്ക്ക് ആശ്വാസം നല്‍കുന്ന ആയുര്‍വേദ എണ്ണകള്‍ സ്വാശ്രയ സംഘം തങ്ങളുടെ ഉല്‍പന്ന നിരയില്‍ ഉള്‍പ്പെടുത്തി. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്ന സുമാന്‍ദു പൗഡറും ഇതോടൊപ്പം ഉല്‍പന്ന നിരയില്‍ ഉള്‍പ്പെടുത്തി. ഈ വൈവിധ്യവല്‍ക്കരണത്തിലൂടെ ഗണ്യമായ ഡിമാന്‍ഡും ബിസിനസ് വളര്‍ച്ചയും ഉറപ്പാക്കാനുമായി. തങ്ങളുടെ ബിസിനസ് മേഖലകള്‍ കൂടുതല്‍ വിപുലീകരിക്കാനായി ഐസിഐസിഐ ബാങ്കില്‍ നിന്നു മറ്റൊരു വായ്പ കൂടി തേടുകയാണ് അവരിപ്പോള്‍.
സ്വാശ്രയ സംഘത്തിലെ അംഗങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനും കുടുംബത്തിന്‍റെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇതു സഹായകമായി.വനിതകളെ ശാക്തീകരിക്കുന്നതിലും താഴേക്കിടയില്‍ സാമ്പത്തിക വളര്‍ച്ച ഊര്‍ജ്ജിതമാക്കുന്നതിനും മൈക്രോഫിനാന്‍സിനുള്ള ശക്തിയാണ് സങ്കീര്‍ത്തനം കുടുംബശ്രീ എസ്എച്ച്ജിയുടെ വിജയം ഉയര്‍ത്തിക്കാട്ടുന്നത്. ഈ നേട്ടങ്ങളില്‍ ഐസിഐസിഐ ബാങ്കിന്‍റെ പിന്തുണ വളരെ നിര്‍ണായകമായിരുന്നു. വനിതാ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിലും ഗ്രാമീണ ഇന്ത്യയില്‍ എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിലും ഐസിഐസിഐ ബാങ്കിനുള്ള പ്രതിബദ്ധതയുടെ വലിയൊരു ഉദാഹരണം കൂടിയാണ് ഈ നേട്ടങ്ങള്‍. ക്രിയാത്‌മക സാമൂഹിക നേട്ടങ്ങള്‍ കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിന്‍റെ ഇഎസ്ജി റിപ്പോര്‍ട്ടിലും ഈ വിജയകഥ അവതരിപ്പിച്ചിട്ടുണ്ട്.