നിലമ്പൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. നിലമ്പൂരിൽ വനംവകുപ്പിന്‍റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍വര്‍ ഉദ്യോഗസ്ഥനോട് കയര്‍ത്തത്.
നിലമ്പൂർ അരുവാക്കോട് വനം ഓഫിസിലെ ഉദ്ഘാടനത്തിന് എത്തിയ പി വി അൻവറിന്‍റെ വാഹനം മാറ്റി നിർത്താൻ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനോട് എം.എല്‍.എ രോഷം പ്രകടിപ്പിച്ചത്. ഉദ്യോഗസ്ഥ തന്‍പ്രമാണിത്തമൊക്കെ കൈയില്‍വച്ചാല്‍ മതിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
പി.വി.അൻവർ പാവപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചത്രേ.!
സ്ഥലം എം.എൽ.എ എന്ന നിലയിൽ വനം വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി യോഗം നടക്കുന്ന സ്ഥലത്തെത്തുന്നു.
പ്രോട്ടോക്കോൾ പ്രകാരം, വകുപ്പ് മന്ത്രി പങ്കെടുക്കുന്ന യോഗത്തിന്റെ അധ്യക്ഷനാണ് സ്ഥലം എം.എൽ.എ.
പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന “എം.എൽ.എ ബോർഡ്” വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയാണ്.
വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്കെത്തുന്നിടത്തെല്ലാം എം.എൽ.എ ഇനി “വാഹനം തലയിൽ ചുമന്നൊണ്ട് നടക്കണം” എന്നാണോ ! ആണെങ്കിൽ,അതൊന്നും അംഗീകരിച്ച് കൊടുക്കാൻ മനസ്സില്ല. ഉദ്യോഗസ്ഥ തൻപ്രമാണിത്തമൊക്കെ കൈയ്യിൽ വച്ചാൽ മതി.