ഉദയംപേരൂർ: ഇന്ത്യൻ കാർട്ടൂൺ രംഗത്തെ  അതികായനായിരുന്ന കേരളവർമ്മയുടെ  ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.
” കേവി” എന്ന പേരിൽ കാർട്ടൂൺ ആസ്വാദകമനസ്സുകളിൽ ഉന്നതസ്ഥാനം നേടിയ കേരളവർമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഉദയംപെരൂർ എസ്. എൻ. ഡി. പി ഹയർ സെക്കൻട്രി സ്കൂളിൽ തുടക്കമായി. കേരള കാർട്ടൂൺ അക്കാദമിയും,   എകെജി സ്മാരക ഗ്രാമീണ ഗ്രന്ഥശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 
കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ അഡ്വ. എം.എം.മോനായി,  കേരള വർമ്മയെ  അനുസ്മരിച്ച് പ്രഭാഷണം നടത്തി. ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് കാർട്ടൂണിസ്റ്റ് കേരളവർമ്മ ജന്മശതാബ്ദി ആഘോഷം.
വലിയകോയിത്തമ്പുരാന്‍റേയും, എ.ആര്‍. രാജരാജ വര്‍മ്മയുടേയും പിന്‍തലമുറക്കാരന്‍ കൂടിയായ കേരളവർമ്മ, ഡല്‍ഹിയില്‍ ശങ്കറിന്‍റെ ശിക്ഷണത്തില്‍ കാര്‍ട്ടൂണ്‍ രംഗത്ത് ശ്രദ്ധ നേടിയ വ്യക്തിയാണെന്ന് എം.എം. മോനായി പറഞ്ഞു. ഇന്ത്യൻ കാർട്ടൂൺ ലോകത്തിൻ്റെ അനശ്വര പ്രതിനിധിയായിരുന്നു  കാർട്ടൂണിസ്റ്റ് കേരളവർമ്മ എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. 
കേരളവർമ്മ വരച്ച കാർട്ടൂണുകൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൻ്റെ ഭാഗമാണ്. അത് സംരക്ഷിച്ച് വരും തലമുറയ്ക്ക് പാഠമാക്കാൻ കേരള കാർട്ടൂൺ അക്കാദമി മുന്നോട്ട് വരണമെന്ന് എം.എം.മോനായി പറഞ്ഞു. 
ഈസ്റ്റേണ്‍ എക്കണോമിസ്റ്റില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നപ്പോഴാണ് കേരളവര്‍മ്മ എന്നുള്ള പേരില്‍നിന്ന് കേവി എന്ന ചുരുക്കപ്പേരിലേക്ക് അദ്ദേഹം മാറിയത്.  നെഹ്റുവിന്‍റെയും, ഇന്ദിരഗാന്ധിയുടെയും കാലഘട്ടത്തിലെ ഇന്ത്യൻ രാഷ്ട്രീയം, കേവിയുടെ വരകളിലൂടെ നെഹൃവും ഇന്ദിരയും ഇന്ത്യയിലെ ജനങ്ങളും ഏറെ ആസ്വദിച്ചു. കാർട്ടൂണിസ്റ്റ് എന്ന നിലയിൽ തിളങ്ങി നിന്ന  മലയാളി ആയ കേവി എന്ന കേരളവർമ്മ ഓരോ മലയാളിയുടെയും അഭിമാനമായിരുന്നു. 
എകെജി സ്മാരക ഗ്രാമീണ ഗ്രന്ഥശാല രക്ഷാധികാരി ടി. രഘുവരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രകാരനായ ബിനുരാജ് കലാപീഠം സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി രാജേഷ് നന്ദിയും പ്രകാശിപ്പിച്ചു. ചടങ്ങിൽ കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻമാരായ സജീവ് ബാലകൃഷ്ണൻ ,  അനൂപ് രാധാകൃഷ്ണൻ, ട്രഷറർ അഡ്വ. പി. യു.നൗഷാദ് , എഴുത്തുകാരൻ വെണ്ണല മോഹനൻ, ശാഖാ യോഗം പ്രസിഡന്റ് എൽ. സന്തോഷ്, വന്ദനവർമ്മ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *