വ്യാപാരികളെയും കര്‍ഷകരെയുമെല്ലാം അമ്പരപ്പിച്ചുകൊണ്ടാണ് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടക്കൊപ്രയുടെ വിലകുതിച്ചത്. ശനിയാഴ്ചത്തെ വടകര വിപണിയിലെ വില ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 19,000 രൂപയാണ്. രാജാപ്പുര്‍ കൊപ്രയ്ക്ക് 22,000 രൂപയും. 2021-ലെ ദീപാവലി സീസണില്‍ ഉണ്ടക്കൊപ്രയ്ക്ക് 18,500 രൂപയും രാജാപ്പുര്‍ കൊപ്രയ്ക്ക് 21,500 രൂപയും ലഭിച്ചിരുന്നു. ശനിയാഴ്ച ഈ വില മറികടന്നു. താങ്ങുവിലയെക്കാള്‍ 7000 രൂപ കൂടുതലാണ് ഉണ്ടക്കൊപ്രയ്ക്ക്.
രണ്ടുദിവസം കൊണ്ടുമാത്രം ഉണ്ടയ്ക്കും രാജാപ്പുരിനും കൂടിയത് ക്വിന്റലിന് 5000 രൂപയോളമാണ്. പത്തുദിവസംകൊണ്ട് ഏഴായിരം രൂപയും. സെപ്റ്റംബര്‍ പത്തിന് രാജാപ്പുര്‍ കൊപ്രയ്ക്ക് 15,000 രൂപയും ഉണ്ടയ്ക്ക് 12,750 രൂപയുമായിരുന്നു വില. 17-ന് ഇത് യഥാക്രമം 16,500, 14,000. 18 ആകുമ്പോഴേക്കും ഇത് 17,000 രൂപയും 14,500 രൂപയുമായി. 19-ന് 19,000, 16,000 എന്നനിലയിലെത്തി. 20-ന് 20,000, 17,500. 21-ന് 22,000, 19,000 എന്ന നിലയില്‍ റെക്കോഡ് നേട്ടത്തില്‍. ഈ വിലയില്‍ ഒരുതേങ്ങയ്ക്ക് 30 രൂപവരെ കിട്ടും.
നവരാത്രി സീസണ്‍, ദീപാവലി എന്നിവയുടെ മുന്നോടിയായാണ് വില കുതിക്കുന്നതെന്നാണ് സൂചന. എങ്കിലും ഇത്തരമൊരു മുന്നേറ്റം ആരും പ്രതീക്ഷിച്ചിട്ടില്ല. ചരക്കുവരവ് കുറഞ്ഞതും വില കൂടുന്നതിന് കാരണമായിട്ടുണ്ട്. വില കൂടിയതോടെ വടകര വിപണിയില്‍ എത്തുന്ന ചരക്കിന്റെ അളവില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച 2000 ചാക്ക് ഉണ്ടക്കൊപ്ര എത്തി.
തേങ്ങയിനത്തിലെ കുഞ്ഞനായ കൊട്ടത്തേങ്ങയ്ക്ക് ശനിയാഴ്ച 14,000 രൂപയുണ്ട്. പച്ചത്തേങ്ങ വിലയും ഏറെക്കാലത്തിനുശേഷം കിലോയ്ക്ക് 40 രൂപയിലെത്തി. കൊപ്രയ്ക്ക് ക്വിന്റലിന് 13,000 രൂപയും. കുറേക്കാലത്തെ ദുരിതത്തിനുശേഷം വില കൂടിയെങ്കിലും തേങ്ങയുടെ ഉത്പാദനത്തിലെ കുറവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *