സുല്‍ത്താന്‍ബത്തേരി: ബില്ലടയ്ക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിച്ചതിന്റെ വൈരാഗ്യത്തില്‍ കെ.എസ്.ഇ.ബി. ജീവനക്കാരെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍. നേന്മേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് വീട്ടില്‍ എന്‍.പി. ജയനാ(51)ണ് പിടിയിലായത്.
കഴിഞ്ഞ 12നാണ് സംഭവം. ജയന്റെ വീടിരിക്കുന്ന പ്രദേശത്തെ വൈദ്യുതിത്തകരാര്‍ പരിഹരിക്കാനെത്തിയ ജീവനക്കാരുമായി ഇയാള്‍ വാക്കേറ്റമുണ്ടാകുകയും അസഭ്യം പറയുകയുമായിരുന്നു. മുമ്പ് നിശ്ചിത സമയം കഴിഞ്ഞിട്ടും ബില്ല് അടയ്ക്കാത്തതിനാല്‍ ജയന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചിരുന്നു.
ഈ വിരോധത്തിലാണ് ജീവനക്കാരെ മര്‍ദ്ദിച്ചതെന്നും കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു. പ്രതി തൂമ്പ കൊണ്ട് തലയ്ക്കടിക്കുകയും വലതു കൈയ്ക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.