ആലപ്പുഴ: വയനാട് ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ മാറ്റിവെച്ച അത്ലറ്റിക്കോ ഡി ആലപ്പിയുടെയും, ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റണ്ണിന്റെ ജെഴ്‌സി പ്രകാശനം പി.ബ്ല്യു.ഡി, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.
ചടങ്ങിൽ പി പി ചിത്തരജൻ എംഎൽഎ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ബീച് റൺ ചെയർമാൻ കുര്യൻ ജെയിംസ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സിറ്റി സോജി, മുൻ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, ബീച്ച് റൺ കൺവീനർ ദീപക് ദിനേഷന്‍, പ്രജീഷ് ദേവസ്യ, കുര്യൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക താരങ്ങളും വിവിധ മേഖലകളിൽ നിന്നുള്ളവരും പങ്കെടുക്കും.
അടുത്തമാസം ആറാം തീയതി ഞായറാഴ്ച വൈകുന്നേരം മൂന്നര മണിക്കു സൂമ്പ ഡാൻസ് ഓട് കൂടി പരിപാടി ആരംഭിക്കും. തുടർന്ന് 3 കിലോമീറ്റർ ഫൻ റൺ, 5 കിലോമീറ്റർ 10 കിലോമീറ്റർ റൺ, ജസ്റ്റിൻ ആലപ്പുഴയുടെ ഡിജെ പ്രോഗ്രാം എന്നിവ നടക്കും.
പരിപാടിയിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡും നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും ടീഷർട്ട്, മെഡൽ, ഓടുന്ന വഴികളിൽ ആവശ്യമായ ഭക്ഷണം, മെഡിക്കൽ സപ്പോർട്, വൈകുന്നേരത്തെ ഭക്ഷണം എന്നിവയും പരിപാടിയുടെ ഭാഗമാണ്.
ബീച്ച് റണ്ണിന്റെ മുന്നോടിയായി ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും, ആലപ്പി ബീച്ച് ക്ലബ്ബിന്റെയും അത്‌ലറ്റിക്കോ ഡി ആലപ്പിയുടേയും നേതൃത്വത്തിൽ ഇൻഡ്യയിലെ പ്രമുഖ കായിക താരങ്ങളെ ആദരിക്കാനായി സംഘടിപ്പിക്കുന്ന സ്പോർട്സ് മെറിറ്റ് അവാർഡ് സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ 10 ന് കൊട്ടാരം ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
തുടർന്ന് എ.ബി.സിയുടെ ആദ്യകാല പ്രവർത്തകരായിരുന്ന നവാസിൻ്റെയും, ബാബുവിൻ്റെയും അനുസ്മരണാർത്ഥം, നിലാമലരേ എന്ന ഗസൽ സന്ധ്യയും അന്ന് വൈകുന്നേരം 6.30 ന് നടത്തപ്പെടും.
2023- 24 വർഷം സംസ്ഥാന മത്സര വിജയികളും, ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും 22 തീയതി വരെ സ്പോർട്സ് അവാർഡ് ലഭിക്കുന്നതിന് 9645939732, 8075911040 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.