കൊച്ചി: ജനസേവ മക്കളുടെ “പൊന്നമ്മ “യായിരുന്ന കവിയൂർ പൊന്നമ്മക്ക് കളമശ്ശേരി ടൗൺ ഹാളിൽ നടന്ന പൊതുദർശന ചടങ്ങിൽ ചെയർമാൻ ജോസ് മാവേലി, പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ എന്നിവർ റീത്ത് സമർപ്പിച്ച് ആദരാഞ്ജലികൾ നേർന്നു. 
22 വർഷക്കാലം ജനസേവയുടെ രക്ഷാധികാരി, വൈസ് ചെയർ പേഴ്സൺ, ചെയർ പേഴ്സൺ എന്നീ നിലകളിൽ അമ്മ സേവനമനുഷ്ഠിച്ചു. അമ്മയുടെ സാമൂഹ്യ സേവന രംഗം ജനസേവ ശിശുഭവനായിരുന്നു.
പെറ്റമ്മയെക്കാളും വാത്സല്യം ജനസേവയിലെ മക്കൾക്ക് അവർ പകർന്നു നല്കി. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനസേവയോടൊപ്പവും ജോസ് മാവേലിയോടൊപ്പവും കരുത്തായി അവർ ഒപ്പം നിന്നു.

രണ്ടായിരത്തിലേറെ കുട്ടികളെ തെരുവിൽ നിന്നെടുത്ത് ഭക്ഷണവും താമസവും വിദ്യാഭ്യാസവും നല്കി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്ന പ്രക്രിയയിൽ സജീവമായി അവർ പ്രവർത്തിച്ചു.
എല്ലാ കുട്ടികൾക്കും അവർ അമ്മയായിരുന്നു .അവരുടെ പേര് ചൊല്ലി വിളിച്ചു. കുട്ടികളെ എഴുത്തിനിരുത്തി. പരീക്ഷാ നാളുകളിൽ അനുഗ്രഹം നല്കി. പെൺകുട്ടികളെ വിവാഹം ചെയ്തയച്ചപ്പോൾ അനുഗ്രഹത്തോടൊപ്പം കൈ നിറയെ സമ്മാനങ്ങളും നല്കി. 
എല്ലാ ആവശ്യങ്ങളിലും അമ്മ അത്താണിയായിരുന്നു. ആ സ്നേഹസ്മരണകൾക്ക് മുന്നിൽ ശതകോടി പ്രണാമം അർപ്പിക്കുന്നു. ജനസേവയുടെ സ്ഥാപകനും ചെയർമാനുമായ ജോസ് മാവേലിയോടൊപ്പം അഗാധമായ ദു:ഖത്തിൽ പങ്കുചേരുന്നു. ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ശിരസു നമിച്ച് ഒരിക്കൽക്കൂടി പ്രണാമം അർപ്പിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *