മനാമ: ബഹ്റൈൻ പ്രവാസികൾക്കിടയിൽ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ സേവനരംഗത്ത് നാലരപ്പതിറ്റാണ്ട് പിന്നിടുന്ന ഐ.സി.എഫ് 45-ാo വാർഷികം വിപുലമായ പദ്ധതികളോടെ ആഘോഷിക്കുന്നു.
6 മാസം നീണ്ടുനിൽക്കുന്ന വാർഷിക പരിപാടികളുടെ ഉദ്ഘാടനവും ഇന്റർ നാഷണൽ മീലാദ് കോൺഫ്രൻസും സപ്തംബർ 22 ന് ഞായറാഴ്ച നടക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്തിന്‍റെ പ്രവാസഘടകമാണ് ഐ സി എഫ്. ‘ഐസിഎഫ് പ്രവാസത്തിന്‍റെ അഭയം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വിദ്യാഭ്യാസം, ആത്മീയം, ജീവകാരുണ്യം, സേവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നിയാണ് ഐസിഎഫ് പ്രവര്‍ത്തിക്കുന്നത്.
ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട പതിമൂന്ന് മദ്റസകളില്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള മതവിദ്യാഭ്യാസം നൽകിപ്പോരുന്നു.
ഹാദിയ വിമന്‍സ് അക്കാദമിക്ക് കീഴില്‍ വ്യക്തിത്വ നൈപുണ്യ വികസന മേഖലകളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കി വരുന്നു. ഐസിഎഫ് സേവന വിഭാഗമായ സഫ് വ വളണ്ടിയര്‍ വിംഗ് സന്നദ്ധ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
ബഹ്റൈൻ നാഷനൽ കമ്മിറ്റിക്ക് കീഴിൽ 8 സെൻട്രൽ ഘടകങ്ങളും 41 യൂണിറ്റ് കമ്മിറ്റികളും മൂവ്വായിരത്തിലധികം മെമ്പർമാരും അത്ര തന്നെ അനുഭാവികളും സംഘടനയ്ക്ക് ഉണ്ട്.
പ്രവാസി സുരക്ഷാ നിധി, ദാറുൽ ഖൈർ ഭവന പദ്ധതി, സാന്ത്വന കേന്ദ്രം, പ്രവാസി വായന, സ്കൂൾ ഓഫ് ഖുർആൻ തുടങ്ങി പ്രവാസ ലോകത്തും നാട്ടിലുമായി വ്യത്യസ്തങ്ങളായ പ്രവർത്തന പദ്ധതികൾ ഐ.സി.എഫ് നേതൃത്വത്തിൽ വിപുലമായി നടന്നു വരുന്നു.
‘തിരുനബി (സ): ജീവിതം ദർശനം’ എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ഇന്റർനാഷനൽ മീലാദ് കോൺഫ്രൻസും വാർഷിക ഉദ്ഘാടനവും നാളെ ഞായറാഴ്ച സൽമാബാദ് ഗോൾഡൻ ഈഗിൾ ക്ലബ്ബ് (ഗൾഫ് എയർ ക്ലബ്ബ്) ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴിന് ആരംഭിക്കും. സമ്മേളത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.
വിവിധ ദേശീയ അന്തർദേശീയ നേതാക്കൾ സംബന്ധിക്കും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവ്വം’ ബഹ്‌റൈൻ പതിപ്പ് സമ്മേളനത്തിൽ പ്രകാശിതമാകും. സമ്മേളനം ശ്രവിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യമുണ്ടാവും. വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യവും ഉണ്ടായിരിക്കും. വിശാലമായ പാർക്കിംങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ഐസിഎഫ് നാഷണൽ നേതാക്കളായ കെ.സി സൈനുദ്ധീൻ സഖാഫി, അഡ്വ: എം.സി അബ്ദുൾ കരീം, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, മുസ്ഥഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം, നൗഷാദ് ഹാജി കണ്ണൂർ, ഷമീർ പന്നൂർ, ശിഹാബുദ്ധീൻ സിദ്ദീഖി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ പങ്കെടുത്തു.