ഇരട്ടയാർ: ഇടുക്കിയിലെ ഇരട്ടയാർ ടണലിൽ ഒഴുക്കിൽ പെട്ട അക്കുവിനായി തെരച്ചിൽ പുനരാരംഭിച്ചു. പന്ത് കളിക്കുന്നതിനിടെയാണ് ഇടുക്കിയിലെ ഇരട്ടയാർ ടണലിൽ ഒഴുക്കിൽ പെട്ട രണ്ട് കുട്ടികളെ കാണാതായത്. ഓണാവധി ആഘോഷിക്കാൻ മുത്തച്ഛന്റെ വീട്ടിലെത്തിയപ്പോളാണ് ഉപ്പുതറ, മൈലാടുംപാറ രതീഷിന്റെ മകൻ അക്കുവെന്ന് വിളിക്കുന്നു അസൗരേഷ് (12) നെ യാണ് കാണാതായത്.
അസൗരേഷിനൊപ്പം വെള്ളത്തിൽ വീണ കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പന്റെ മകൻ അമ്പാടി എന്നു വിളിക്കുന്ന അതുൽ (-13) മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികൾ രണ്ട് പേരും മറ്റു രണ്ട് കുട്ടികളോടൊപ്പം ഡാമിന് സമീപത്തു കരയിൽ പന്തു കളിക്കുകയായിരുന്നു. ഉരുണ്ട് ജലാശയത്തിൽ വീണ പന്ത് അതുലും, അസൗരേഷ് ഉം ചേർന്ന് കൈ കോർത്തു പിടിച്ചു എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ അതുലിനെ തുരങ്ക മുഖത്തു നിന്നാണ് കണ്ടെടുത്തത്. തുടർന്ന് കട്ടപ്പനയിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും പൊലീസും ചേർന്ന് അസൗരേഷിനു വേണ്ടി തുരങ്ക മുഖത്തും വെള്ളം ഇടുക്കി ജലാശയത്തിലെത്തുന്ന അഞ്ചുരരളിയിലും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.