തിരുവനന്തപുരം: പുതിയ പാർട്ടി രൂപീകരണത്തെ ചൊല്ലി ജനതാദൾ എസ് സംസ്ഥാന ഘടകത്തിൽ തമ്മിലടി.
പുതിയ സംസ്ഥാന പാർട്ടി രൂപീകരിച്ച് സ്വതന്ത്രമായി നിൽക്കാനുളള നേതൃത്വത്തിൻെറ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ മന്ത്രി ജോസ് തെറ്റയിലിൻെറ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതാണ് ജനതാദൾ എസ് സംസ്ഥാന ഘടകത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.

സംസ്ഥാന പാർട്ടി രൂപീകരണത്തിന് ശേഷം പീന്നീടെതെങ്കിലും സോഷ്യലിസ്റ്റ് പാരമ്പര്യമുളള ദേശിയ പാർട്ടിയിൽ ലയിക്കുകയും ചെയ്യാനാണ് സംസ്ഥാന അധ്യക്ഷൻ മാത്യു.ടി.തോമസിൻെറയും മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെയും തീരുമാനം.

എന്നാൽ ജോസ് തെറ്റയിലും കൂട്ടരും ഇതിനെ ശക്തമായി എതിർക്കുകയാണ്. പീന്നീടേതെങ്കിലും ദേശിയ പാർട്ടിയിൽ ലയിക്കാനാണെങ്കിൽ ഇപ്പോൾ തന്നെ അത് ചെയ്താൽ പോരെയെന്നാണ്‌ ജോസ് തെറ്റയിൽ വിഭാഗത്തിൻെറ ചോദ്യം.
അഖിലേഷ് യാദവിൻെറ നേതൃത്വത്തിലുളള സമാജ് വാദി പാർട്ടിയിൽ ലയിക്കണമെന്നാണ് ജോസ് തെറ്റയിൽ വിഭാഗത്തിൻെറ താൽപര്യം. ഈ ആവശ്യം ഉന്നയിച്ച് ജോസ് തെറ്റയിലിൻെറ നേതൃത്വത്തിലുളള വിഭാഗം കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷൻ മാത്യു.ടി.തോമസിനെ കണ്ടിരുന്നു.
സംസ്ഥാന അധ്യക്ഷനും മന്ത്രിയും മാത്രം കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നതിലുളള അതൃപ്തിയും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടിയുടെ സംസ്ഥാനത്തെ പരമോന്നത ഘടകമായ സംസ്ഥാന കമ്മിറ്റി വിളിച്ച് ചേർത്ത് പാർട്ടി രൂപീകരണം അടക്കമുളള കാര്യങ്ങൾ ചർച്ച ചെയ്യണമെന്നാണ് ജോസ് തെറ്റയിലിൻെറയും കൂട്ടരുടെയും ആവശ്യം.

ഇനിയും ഏകപക്ഷീയമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ പരസ്യ പ്രതികരണത്തിലേക്ക് വരുമെന്നാണ് എതിർ വിഭാഗത്തിൻെറ മുന്നറയിപ്പ്. സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം പേരും സംസ്ഥാന പാർട്ടി രൂപീകരിച്ച് മുന്നോട്ട് പോകാനുളള നീക്കത്തെ എതിർക്കുന്നവരാണ്.
അതുകൊണ്ടുതന്നെ ജോസ് തെറ്റയിൽ വിഭാഗം ഉയർത്തുന്ന ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയില്ല. ജനതാ പരിവാറിൻെറ പാരമ്പര്യം പേറുന്ന പാർട്ടി എന്ന നിലയിൽ ദേശിയ അസ്തിത്വമുളള പാർട്ടിയാണ് ജനതാദൾ എസ്.
അതിനെ സംസ്ഥാന പാർട്ടിയായി ചുരുക്കരുതെന്നാണ് ജോസ് തെറ്റയിലും ഒപ്പമുളളവരും ആവശ്യപ്പെടുന്നത്. ഇതൊരു വൈകാരിക നിലപാടായതിനാൽ തന്നെ സോഷ്യലിസ്റ്റ് പാരമ്പര്യം പേറുന്ന കൂടുതൽ പാർട്ടി നേതാക്കളുടെ പിന്തുണ ജോസ് തെറ്റയിലിന് ലഭിക്കുന്നുണ്ട്.

ദേശിയ  അധ്യക്ഷൻ എച്ച്.ഡി. ദേവെഗൌഡയുടെ താൽപര്യ പ്രകാരം ബി.ജെ.പിയുടെ സഖ്യകക്ഷി ആയതോടെയാണ് ദേശിയ നേതൃത്വവുമായി ബന്ധം വിഛേദിച്ച് പുതിയ പാർട്ടി രൂപികരിക്കാനുളള നീക്കത്തിനിടയിലാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായിരിക്കുന്നത്.

എതിർപ്പ് കണക്കിലെടുത്ത് അതീവ രഹസ്യമായാണ് പുതിയ പാർട്ടി രൂപീകരണം സംബന്ധിച്ച കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്.മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ വിശ്വസ്തനും  പാലക്കാട് സ്വദേശിയുമായ ഒരാളാണ് പുതിയ പാർട്ടി രൂപീകരണത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.
കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി നേരിടേണ്ടി വരുമെന്നതിനാൽ സംസ്ഥാന അധ്യക്ഷൻ മാത്യു.ടി.തോമസ്, മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവർക്ക് പുതിയ പാർട്ടിയിൽ അംഗങ്ങളാകാൻ കഴിയില്ല.
തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നം ലഭിക്കാൻ ദേശിയ അധ്യക്ഷൻെറ കത്ത് വേണം. ഈ കത്ത് വരണാധികാരിക്ക് മുന്നിൽ ഹാജരാക്കിയാണ് മാത്യു.ടി.തോമസും കെ.കൃഷ്ണൻകുട്ടിയും തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

പുതിയ പാർട്ടിയിൽ അംഗങ്ങളായാൽ കൂറ് മാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാൻ ജനതാദൾ എസ് ദേശിയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൌഡക്ക് കഴിയും.
കാരണം സാങ്കേതികമായി മാത്യു.ടി. തോമസും കെ.കൃഷ്ണൻകുട്ടിയും ഇപ്പോഴും ജനതാദൾ എസ് അംഗങ്ങളാണ്. ഈ പ്രതിസന്ധി കണക്കിലെടുത്താണ് ഇരുവരും ദേശിയ പാർട്ടിയിൽ ലയിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞുനിൽക്കുന്നത്.
എന്നാൽ ദേശിയ പാർട്ടിയുമായി ലയിക്കണമെന്ന ആവശ്യം നിരാകരിക്കുന്നതിന് പിന്നിൽ ജനതാദൾ എസ് ദേശിയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൌഡയുമായുളള രഹസ്യധാരണയാണെന്നാണ് എതിർ വിഭാഗത്തിൻെറ സംശയം.

ദേശിയ പാർട്ടി രൂപീകരിച്ചാൽ മാത്യു.ടി.തോമസിനും കെ. കൃഷ്ണൻകുട്ടിക്കും എതിരെ ദേവൈഗൌഡ നടപടി സ്വീകരിക്കും. ഇത് ഒഴിവാക്കാനുളള ധാരണയുടെ ഭാഗമായാണ് സംസ്ഥാന പാർട്ടി രൂപീകരണമെന്നാണ് പാർട്ടിക്കുളളിൽ ഉയരുന്ന ആക്ഷേപം.

നേരത്തെ മുതിർന്ന നേതാവ് സി.കെ.നാണുവും ഇതേ ആക്ഷേപം ഉയർത്തിയിരുന്നു.ഗൌഡയും മകൻ കുമാരസ്വാമിയും ബി.ജെ.പി സഖ്യത്തിലേക്ക് പോയിട്ടും അവരുമായുളള ബന്ധം വിഛേദിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്ന സി.കെ.നാണുവിൻെറ ആക്ഷേപം.
പുതിയ പാർട്ടി രൂപീകരണം സംബന്ധിച്ച കാര്യങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തിയുണ്ട്.ലയനമോ പാർട്ടി രൂപീകരണമോ എന്തായാലും അത് സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് സി.പി.എം നേതൃത്വം നിർദേശം നൽകിയിരുന്നതാണ്.
എന്നിട്ടും നടപടികൾ ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങുന്നതാണ് സി.പി.എം  നേതൃത്വത്തിൻെറ അതൃപ്തിക്ക് കാരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *