ഡല്‍ഹി; 26 ആഴ്ചയായ ഗര്‍ഭം അവസാനിപ്പിക്കണമെന്ന വിവാഹിതയായ യുവതിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. യുവതിയുടെ ജീവന് അപകടമില്ലാത്ത പക്ഷം ഗര്‍ഭാവസ്ഥയുടെ ഈ ഘട്ടത്തില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള ഹര്‍ജി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ കുട്ടിയെ ദത്തെടുക്കാന്‍ വിട്ടുകൊടുക്കണമോയെന്ന കാര്യത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ക്ക് തീരുമാനമെടുക്കാമെന്നും, യുവതിക്ക് എയിംസില്‍ ചികിത്സ നല്‍കുമെന്നും കോടതി വ്യക്തമാക്കി.
‘ഗര്‍ഭകാലം 26 ആഴ്ചയും 5 ദിവസവും ആയതിനാല്‍ ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുവദിക്കുന്നത് എംടിപി നിയമത്തിന്റെ 3 & 5 വകുപ്പുകള്‍ ലംഘിക്കലാണ്. അമ്മയുടെ ജീവന് ഭീഷണിയില്ലാത്ത സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാന്‍ കഴിയില്ല.’- ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ പറഞ്ഞു. അതേസമയം യുവതിയുടെ എല്ലാ ചികിത്സാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് ഉള്ളതിനാല്‍ ഗര്‍ഭം അവസാനിപ്പിക്കണമെന്നാണ് യുവതി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. എയിംസിന്റെ പുതിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ തീരുമാനം.
റിപ്പോര്‍ട്ട് പ്രകാരം യുവതിയ്ക്ക് പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് ഉണ്ടെങ്കിലും ഗര്‍ഭാവസ്ഥ തുടരുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ കഴിക്കുന്ന മരുന്നുകള്‍ കുട്ടിയെ ദോഷകരമായി ബാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നിയമപരമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി 2022 സെപ്റ്റംബറില്‍ വിധി പ്രസ്താവിച്ചിരുന്നു. വിവാഹിതര്‍ക്കൊപ്പം അവിവാഹിതരായ സ്ത്രീകള്‍ക്കും ഇക്കാര്യത്തില്‍ തുല്യ അവകാശമുണ്ട്. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രം സംബന്ധിച്ച ഒരു കേസിലാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി.
നിലവിലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (ഭേദഗതി) റൂള്‍സ് 2021 പ്രകാരം, 24 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് ചില പ്രത്യക വിഭാഗങ്ങള്‍ക്ക് മാത്രമാണ് അനുമതി. ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭാവസ്ഥയിലിരിക്കെ വൈവാഹിക നിലയിലെ മാറ്റം (വൈധവ്യവും വിവാഹമോചനവും), ശാരീരിക വൈകല്യമുള്ള സ്ത്രീകള്‍, ബുദ്ധിമാന്ദ്യം ഉള്‍പ്പെടെയുള്ള മാനസിക രോഗങ്ങളുള്ളവര്‍, ഗുരുതരമായ വൈകല്യങ്ങളോടെ കുട്ടി ജനിക്കാനുള്ള സാഹചര്യം, ഗവണ്മെന്റ് പ്രഖ്യാപിച്ചേക്കാവുന്ന ദുരന്തത്തിലോ അടിയന്തര സാഹചര്യങ്ങളിലോ ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ തുടങ്ങിയ അവസ്ഥകളിലാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി. 1971ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം രാജ്യത്ത് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഗര്‍ഭച്ഛിദ്രം.