ജറുസലേം : ലെബനനെ നടുക്കി വിവിധയിടങ്ങളില്‍ നടന്ന സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടെന്നാണ് വിവരം. ഹിസ്ബുള്ള സംഘാംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു.
11 പേര് കൊല്ലപ്പെടുകയും 4000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. 400 പേരുടെ നില ഗുരുതരമാണ്. ലെബനനിലെ ഇറാന് സ്ഥാനപതി മൊജ്തബ അമാനിക്കും ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളുമടക്കമുള്ളവര്‍ക്കും പരിക്കേറ്റു.
ആസൂത്രിതമായി നടന്നെന്ന് കരുതുന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേലെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ളയും ഇസ്രയേലുമായി യുദ്ധത്തിലാണ്. ഇസ്രയേല്‍ നടത്തിയ ഹീനമായ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചു.
പേജറുകള്‍ പൊട്ടിത്തെറിച്ചതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും സുരക്ഷ വര്‍ധിപ്പിച്ചുവെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുള്ള. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജർ യന്ത്രങ്ങൾ ഹിസ്ബുള്ള ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് യന്ത്രങ്ങളാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്.
പേജറുകളില്‍ നിര്‍മാണ സമയത്ത് തന്നെ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനിടെ വിമാനക്കമ്പനികള്‍ ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ദീര്‍ഘകാല പദ്ധതിയാണ് ആക്രമണമെന്ന് ഇറാന് ആരോപിച്ചു.
കൈകാലുകളിലും മുഖത്തും പരിക്കേറ്റ് ലെബനന് തെരുവുകളില്‍ ഹിസ്ബുള്ള പ്രവര്‍ത്തകര്‍ വീണുകിടക്കുന്ന വീഡിയോയും ഫോട്ടോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദൂര നിയന്ത്രിത സാങ്കേതിക വിദ്യ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ആക്രമണം ഹിസ്ബുള്ള സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ സുരക്ഷ വീഴ്ചയാണ്.