തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെത്തിയ 52 വയസുകാരനിൽ അത്യാധുനിക കാർഡിയക് പ്രൊസീജിയർ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ ഇസിപിആർ പ്രൊസീജിയറിലൂടെയാണ് രോഗിയുടെ ആരോഗ്യനില വീണ്ടെടുക്കാൻ കഴിഞ്ഞത്.
ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവുമുണ്ടായിരുന്ന രോഗിയിൽ പരമ്പരാഗത (സാധാരണ) സിപിആർ ഫലപ്രദമാകാതെ വന്നതോടെയാണ് ഇസിപിആർ (എക്സ്ട്രാകോർപ്പോറിയൽ കാർഡിയോപൾമണറി റസസ്സിറ്റേഷൻ) പ്രൊസീജിയറിന്റെ സഹായത്തോടെ ആൻജിയോപ്ലാസ്റ്റിയിലൂടെയാണ് ഹൃദയധമനികളിലെ ബ്ലോക്ക് നീക്കം ചെയ്തത്.
കൊഴുപ്പ്, കൊളസ്‌ട്രോൾ തുടങ്ങിയ പദാർത്ഥങ്ങൾ രക്തധമനികളിൽ അടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള ഓക്സിജൻ അടങ്ങിയ ശുദ്ധരക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയതാണ് ഹൃദയാഘാതത്തിന് കാരണമായത്.
രോഗിയുടെ ആരോഗ്യനിലയിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്, മെഡിക്കൽ സംഘം അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെങ്കിലും പ്രൊസീജിയറിനിടയിൽ വീണ്ടും ഹൃദയസ്തംഭനം സംഭവിച്ചത് ആരോഗ്യനില വഷളാക്കുകയായിരുന്നു.
“ഒരു മണിക്കൂറോളം സിപിആറും നിയന്ത്രിത വൈദ്യുത ഷോക്കുകൾ നൽകിയിട്ടും ആരോഗ്യനിലയിൽ മാറ്റമുണ്ടാകാതെ തുടർന്നതോടെ എക്ക്‌മോ ഉപകരണത്തിന്റെ സഹായത്തോടെ ആൻജിയോപ്ലാസ്റ്റി പൂർത്തിയാക്കുകയായിരുന്നു” എന്ന് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ ഡോ. രമേശ് നടരാജൻ പറഞ്ഞു.
48 മണിക്കൂറോളം രോഗി എക്ക്മോ സപ്പോർട്ടിൽ തുടരുകയും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാവുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് രോഗി ആശുപത്രി വിട്ടു.
സിരകളിലേക്ക് ഘടിപ്പിച്ച ട്യൂബുകളിലൂടെ അശുദ്ധരക്തം വേർതിരിച്ചെടുക്കുന്നതാണ് എക്ക്‌മോ പ്രൊസീജിയർ. ഓക്സിജനേറ്ററും പമ്പും അടങ്ങുന്ന എക്ക്‌മോ ഉപകരണത്തിന്റെ സഹായത്തോടെ രക്തത്തിലേക്ക് ഓക്സിജൻ പമ്പ് ചെയ്യുകയും പ്രധാന ധമനികളുമായി ബന്ധിപ്പിച്ചിരിക്കുന്ന ട്യൂബുകളിലൂടെ തിരികെ ശരീരത്തിലേക്ക് രക്തമെത്തിക്കുകയും ചെയ്യുന്നു. ഇതിവഴി ശരീരഭാഗങ്ങളിലേക്ക് ആവശ്യമായ ഓക്സിജൻ വിതരണം ഉറപ്പാക്കുന്നു.
എക്ക്‌മോ ഉപകരണം രക്തത്തിലെ ഓക്സിജന്റെ അളവ് നിലനിർത്തുകയും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുകയും ശുദ്ധമായ രക്തം ആവശ്യമായ മർദ്ദത്തിൽ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും എത്തുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നു.
കാർഡിയോതൊറാസിക് സർജറി വിഭാഗം കൺസൽട്ടൻറ് ഡോ. റിനെറ്റ് സെബാസ്റ്റ്യൻ, കാർഡിയോതൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. അനിൽ രാധാകൃഷ്‌ണൻ പിള്ള, ഡോ. സുഭാഷ് എസ്, എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായിരുന്നു.