ഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ തന്റെ ‘ഗുരു’ എന്ന് വിശേഷിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അതിഷി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി അധ്യക്ഷനെ വീണ്ടും ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അതിഷി പ്രതികരിച്ചു.
അടുത്ത ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അതിഷിയുടെ ആദ്യ പരാമര്‍ശമായിരുന്നു ഇത്.
കെജ്രിവാളിനെതിരെ കള്ളക്കേസുകള്‍ ചുമത്തി എഎപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിച്ചതെന്നും അതിഷി ആരോപിച്ചു.
ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രി മാത്രമേയുള്ളൂ, അതാണ് അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവരുകയെന്ന ലക്ഷ്യത്തിനായി അടുത്ത കുറച്ച് മാസങ്ങള്‍ ഞാന്‍ പ്രവര്‍ത്തിക്കും. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് അതിഷി പറഞ്ഞു.
ഞാന്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ആയിരുന്നെങ്കില്‍ എനിക്ക് ഒരു തിരഞ്ഞെടുപ്പ് ടിക്കറ്റ് പോലും കിട്ടില്ലായിരുന്നു. എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ എന്നെ വിശ്വസിച്ച് എം.എല്‍.എയും മന്ത്രിയുമാക്കി, ഇന്ന് എനിക്ക് മുഖ്യമന്ത്രിയുടെ ചുമതല തന്നു, ധനകാര്യം ഉള്‍പ്പെടെ 14 വകുപ്പുകള്‍ വഹിക്കുന്ന അതിഷി പറഞ്ഞു.