ലോകത്തെ ആദ്യ കൊമേഴ്‌സ്യല്‍ സ്പേസ്‌വാക്ക് എന്ന രീതിയിലാണ് പൊളാരിസ് ഡോൺ ബഹിരാകാശ ദൗത്യം ചരിത്രമെഴുതിയത്. 1972ന് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ട് ഒരു ബഹിരാകാശ പേടകം എത്തിയ ഏറ്റവും വലിയ ഉയരമെന്ന നേട്ടവും പൊളാരിസ് ഡോൺ ദൗത്യസംഘത്തിന് സ്വന്തമായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് 2024 സെപ്റ്റംബര്‍ 10ന് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകത്തിലാണ് അഞ്ച് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി ഇവര്‍ പുറപ്പെട്ടത്.
അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാനായിരുന്നു ദൗത്യ സംഘത്തലവൻ. മുൻ യുഎസ് വ്യോമസേന പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സിലെ എഞ്ചിനീയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരായിരുന്നു പൊളാരിസ് ഡോൺ ബഹിരാകാശ യാത്രയിലെ മറ്റ് അംഗങ്ങൾ. ഭൂമിയില്‍ നിന്ന് 870 മൈല്‍ അകലെ വരെ ഇവര്‍ സഞ്ചരിച്ചു. ചാന്ദ്രപര്യടനത്തിന് അല്ലാതെ ബഹിരാകാശത്ത് മനുഷ്യനെ വഹിച്ചുകൊണ്ട് ഒരു പേടകം സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരം കൂടിയാണിത്.
ഭൂമിയിൽ നിന്ന് 732.2 കിലോമീറ്റർ ദൂരത്തിൽ വച്ചായിരുന്നു ഇവരുടെ ബഹിരാകാശ നടത്തം. സ്വകാര്യ കമ്പനിയായ സ്പേസ് എക്സിന്‍റെ സാങ്കേതിക തികവിന്‍റെ സാക്ഷ്യപത്രമായാണ് ദുഷ്‌കര ദൗത്യത്തിന്‍റെ വിജയം കണക്കാക്കുന്നത്. പൊളാരിസ് ഡോൺ ദൗത്യ സംഘത്തിലെ ജാറെഡ് ഐസക്മാനും സാറാ ഗില്ലിസും ഏഴ് മിനിറ്റ് വീതം ബഹിരാകാശത്ത് പേടകത്തിന് പുറത്ത് ചെലവഴിച്ചു. അഞ്ച് ദിവസം നീണ്ട പൊളാരിസ് ഡോൺ ദൗത്യത്തിനിടെ നാല്‍വര്‍ സംഘം 40ഓളം ശാസ്ത്രീയ പരീക്ഷണങ്ങള്‍ മൈക്രോഗ്രാവിറ്റിയില്‍ ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed