ഫ്ലോറിഡ: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുന്‍ യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബിന് സമീപം വെടിവയ്പുണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ഗോൾഫ് ക്ലബിന് സമീപം ഒന്നിലധികം തവണ വെടിവയ്പുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് സുരക്ഷിതനാണ്.
സംഭവം നടക്കുമ്പോൾ ട്രംപ് ക്ലബില്‍ ഗോൾഫ് കളിക്കുകയായിരുന്നു. ഗോള്‍ഫ് ക്ലബിന്റെ മതിലിന് പുറത്താണ് വെടിവയ്പുണ്ടായത്. ട്രംപിൻ്റെ ഗോൾഫ് ക്ലബ്ബിന് സമീപം തോക്കുമായി ഒരാളെ കണ്ടതിനെ തുടർന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻ്റുമാർ വെടിയുതിർത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ആര്‍ക്കും പരിക്കില്ലെന്നാണ് നിലവിലെ സൂചന. പ്രദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രസിഡൻ്റ് ജോ ബൈഡനെയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയും സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നറിഞ്ഞതിൽ ആശ്വാസമുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 13-ന് പെൻസിൽവാനിയയിൽ നടന്ന ഒരു വധശ്രമത്തിൽ ട്രംപിന് പരിക്കേറ്റിരുന്നു.